ദക്ഷിണാഫ്രിക്ക എയ്ക്ക് വേണ്ടിയുള്ള മികവാര്‍ന്ന പ്രകടനം തനിക്ക് ടെസ്റ്റ് അരങ്ങേറ്റം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹെയിന്‍റിച്ച് ക്ലാസ്സെന്‍

Sports Correspondent

ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കന്‍ താരം ഹെയിന്‍റിച്ച് ക്ലാസ്സെന്‍. തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം ഫെബ്രുവരി 2018ല്‍ നടത്തിയ താരം 14 ഏകദിനങ്ങളിലും 9 ടി20 മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ടെങ്കിലും ടീമിലെ സ്ഥിരം സാന്നിദ്ധ്യമാകുവാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

എന്നാല്‍ താരത്തിന് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് സ്ക്വാഡില്‍ റൂഡി സെക്കന്‍ഡ് പരിക്കേറ്റതിനെത്തുടര്‍ന്ന് ഇടം ലഭിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക എ ടീമിലുള്ള താരം ഇപ്പോള്‍ ഇന്ത്യന്‍ എ ടീമിനെതിരെ കളിച്ച് കൊണ്ടിരിക്കുകയാണ്. ഈ പരമ്പരയില്‍ മികച്ച ഫോമിലാണ് താരം കളിക്കുന്നത്. ആദ്യ മത്സരത്തില്‍ 43 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ താരം ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ 21 പന്തില്‍ നിന്ന് 44 റണ്‍സ് നേടി. രണ്ടാം മത്സരത്തിലും 27 പന്തില്‍ നിന്ന് 31 റണ്‍സ് താരം നേടിയിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് എബി ഡി വില്ലിയേഴ്സും ഹാഷിം അംലയും റിട്ടയര്‍ ചെയ്തത് ടെസ്റ്റ് ടീമിലെ മധ്യനിരയില്‍ കൂടുതല്‍ സാധ്യതകള്‍ തുറന്നിട്ടുണ്ടെന്നും റണ്‍സ് കണ്ടെത്താനായാല്‍ തനിക്ക് അവിടെ സ്ഥാനമുണ്ടെന്നും ക്ലാസ്സെന്‍ പറഞ്ഞു. ഇന്ത്യ എ യ്ക്കെതിരെ തന്നാലാവുന്ന രീതിയില്‍ മികവ് പുലര്‍ത്തി ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുവാനാണ് തന്റെ ശ്രമമെന്നും ഹെയിന്‍റിച്ച് ക്ലാസ്സെന്‍ വ്യക്തമാക്കി.