അഹമ്മദാബാദ്: ഇന്ത്യൻ പേസർ ഹർഷൽ പട്ടേൽ 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ ഹോം ടീമായ ഗുജറാത്തിലേക്ക് മടങ്ങിയെത്തി. 2025-26 ആഭ്യന്തര സീസണ് മുന്നോടിയായാാന് ഹരിയാനയിൽ നിന്ന് ഗുജറാത്തിലേക്കുള്ള താരത്തിന്റെ ഈ മാറ്റം. അഹമ്മദാബാദിലുള്ള തന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയാണ് 34-കാരനായ ഹർഷൽ ഈ തീരുമാനമെടുത്തത്.
2008-09 സീസണിൽ ഗുജറാത്തിനുവേണ്ടിയാണ് ഹർഷൽ തന്റെ ലിസ്റ്റ് എ അരങ്ങേറ്റം കുറിച്ചത്. എന്നാൽ, ടീമിൽ അവസരങ്ങൾ കുറവായതുകൊണ്ട് 2010-11 സീസണിൽ ഹരിയാനയിലേക്ക് മാറുകയായിരുന്നു. പിന്നീട് ഹരിയാനയുടെ പ്രധാന താരമായി മാറിയ അദ്ദേഹം, 2023-24 സീസണിൽ ടീമിന് ആദ്യ വിജയ് ഹസാരെ ട്രോഫി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
2023 ജനുവരിക്ക് ശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടില്ലെങ്കിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഹർഷൽ ഒരു പ്രധാന കളിക്കാരനാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനുവേണ്ടി 13 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ നേടിയിരുന്നു. വൈറ്റ്-ബോൾ ഫോർമാറ്റിലാണ് സ്പെഷ്യലിസ്റ്റ് എങ്കിലും, റെഡ്-ബോൾ ക്രിക്കറ്റിലും സംഭാവന നൽകാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.