2023 ലോകകപ്പിന് ശേഷം രോഹിത് ശർമ്മയിൽ നിന്ന് ഇന്ത്യയുടെ പരിമിത ഓവർ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ ഹാർദിക് പാണ്ഡ്യ തയ്യാറാണെന്ന് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ പറയുന്നു.
ഐപിഎല്ലിൽ മാത്രമല്ല, ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ റോൾ ഏറ്റെടുത്തപ്പോഴും പാണ്ഡ്യ തന്റെ ക്യാപ്റ്റൻസിയിൽ മികവ് കാണിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ പാണ്ഡ്യ ഇന്ത്യയെ നയിക്കുന്നുണ്ട്. രോഹിത് വ്യക്തിപരമായ കാരണങ്ങളാൽ കളിക്കാത്തതിനാൽ ആണ് പാണ്ഡ്യ ക്യാപ്റ്റനാകുന്നത്.
“ഒരു ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യയെ സഹതാരങ്ങൾ ആശ്വാസത്തോടെയാണ് കാണുന്നത്. കളിക്കാരെ അവൻ കൈകാര്യം ചെയ്യുന്ന രീതിയായിരിക്കാം അതിനു കാരണം, കളിക്കാർ അവനായി കളിക്കാൻ തയ്യാറാണ്. അവൻ കളിക്കാർക്ക് ധൈര്യം നൽകുന്നതായി തോന്നുന്നു. ”ഗവാസ്‌കർ പറഞ്ഞു.
“ഗുജറാത്ത് ടൈറ്റൻസിന് വേണ്ടിയും ഇന്ത്യക്ക് വേണ്ടിയും ടി20 തലത്തിൽ അദ്ദേഹം ടീമിനെ നയിക്കുമ്പോൾ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി എന്നെ വളരെയധികം ആകർഷിച്ചു. മുംബൈയിലെ ആദ്യ ഏകദിന മത്സരത്തിൽ അദ്ദേഹം വിജയിച്ചാൽ, 2023ൽ ലോകകപ്പ് കഴിയുമ്പോൾ നിങ്ങൾക്ക് അദ്ദേഹത്തെ ഇന്ത്യൻ ക്യാപ്റ്റനായി കാണാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു, ”ഗവാസ്‌കർ പറഞ്ഞു.