ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 വിജയത്തിൽ നിർണായക പങ്കുവഹിച്ച ഹാർദിക് പാണ്ഡ്യ വലിയ പ്രയാസത്തിലൂടെയാണ് അവസാന 6 മാസം കടന്നു പോയത് എന്ന് സഹോദരൻ ക്രുണാൽ പാണ്ഡ്യ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിൽ ഹാർദികിനെ കുറിച്ച് ക്രുണാൽ എഴുതി.
“ഞാനും ഹാർദിക്കും പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു പതിറ്റാണ്ടായി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ഞങ്ങൾ സ്വപ്നം കണ്ട കെട്ടുക്കഥ പോലെയായിരുന്നു. എൻ്റെ സഹോദരൻ ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു.” ക്രുണാൽ കുറിച്ചു.
“കഴിഞ്ഞ ആറ് മാസങ്ങളാണ് ഹാർദിക് ഏറ്റവും ബുദ്ധിമുട്ടിയത്. അവൻ കടന്നുപോയ കാര്യങ്ങൾ അവൻ അർഹിക്കുന്നതല്ല, ഒരു സഹോദരനെന്ന നിലയിൽ എനിക്ക് അവനെ ഓർത്ത് സങ്കടം തോന്നി. ആൾക്കാർ കൂവിയത് മുതൽ, എല്ലാത്തരം മോശം കാര്യങ്ങളും അവർ അവനെ കുറിച്ച് പറഞ്ഞു. അവൻ വികാരങ്ങൾ ഉള്ള ഒരു മനുഷ്യനാണെന്ന് നാമെല്ലാവരും മറന്നു. ഒരു പുഞ്ചിരി തൂകാൻ അവൻ എത്രമാത്രം ബുദ്ധിമുട്ടിയെന്ന് എനിക്കറിയാമെങ്കിലും അവൻ ഒരു പുഞ്ചിരിയുമായി ഇതിലെല്ലാം കൂടെ കടന്നുപോയി.” ക്രുണാൽ പറയുന്നു.
“അദ്ദേഹം കഠിനാധ്വാനം ചെയ്യുകയും ലോകകപ്പ് നേടുന്നതിന് താൻ ചെയ്യേണ്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു, കാരണം അതാണ് അവന്റെ ആത്യന്തിക ലക്ഷ്യം” ക്രുണാൽ കൂട്ടിച്ചേർത്തു.
“6 വയസ്സ് മുതൽ രാജ്യത്തിന് വേണ്ടി കളിക്കുകയും ലോകകപ്പ് നേടുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ സ്വപ്നം. തൻ്റെ കരിയറിൽ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഹാർദിക് ചെയ്തത് അവിശ്വസനീയമാണെന്ന് ആളുകളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഹാർദിക്കിൻ്റെ ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും ആളുകൾ അവനെ എഴുതിത്തള്ളി, അത് അവനെ കൂടുതൽ ശക്തനായി തിരിച്ചുവരാൻ പ്രേരിപ്പിച്ചു” – ക്രുണാൽ പറഞ്ഞു.