ഐപിഎലില്‍ ഭേദപ്പെട്ട റെക്കോര്‍ഡുള്ള തനിക്ക് ഇനിയും ഇന്ത്യയ്ക്കായി ടി20 അന്താരാഷ്ട്രങ്ങളില്‍ കളിക്കാനാകുമെന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്. ഭേദപ്പെട്ട റെക്കോര്‍ഡുള്ള തന്നെ പരിഗണിക്കാത്തതില്‍ സെലക്ടര്‍മാര്‍ക്കെതിരെയും ഹര്‍ഭജന്‍ പ്രതികരണങ്ങളുമായി എത്തി.
2016 ഏഷ്യ കപ്പിലാണ് ഹര്‍ഭജന്‍ അവസാനമായി ഇന്ത്യയ്ക്കെതിരെ കളിച്ചത്. യുഎഇയ്ക്കെതിരെ ടി20 മത്സരമായിരുന്നു ഹര്‍ഭജന്റെ അവസാന മത്സരം. അതേ സമയം ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ 2018 മുതല്‍ നിര്‍ണ്ണായക പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.
തനിക്ക് ഇനിയും ഇന്ത്യയ്ക്കായി കളിക്കാനാകുമെന്നാണ് ഇന്ത്യയുടെ സീനിയര്‍ താരം പ്രതീക്ഷിക്കുന്നത്. തനിക്ക് ഐപിഎലില്‍ മികവ് പുലര്‍ത്താനാകുമെങ്കില്‍ വീണ്ടും രാജ്യത്തിനായി കളിക്കാനാകുമെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. ഐപിഎല്‍ എന്നാല്‍ ബൗളര്‍മാര്‍ക്ക് പ്രയാസമേറിയ ടൂര്‍ണ്ണമെന്റാണ്. ലോകക്രിക്കറ്റിലെ മിന്നും താരങ്ങള്‍, ചെറിയ ഗ്രൗണ്ടുകള്‍ എല്ലാം തന്നെ കടുപ്പമേറിയ കാര്യങ്ങളാണ്.
അവിടെ മികവ് പുലര്‍ത്തുന്ന തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് പുലര്‍ത്തുവാന്‍ പ്രയാസമുണ്ടാകില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. തനിക്ക് പ്രായം ഏറെയായെന്ന സെലക്ടര്‍മാരുടെ ചിന്താഗതിയാണ് തനിക്ക് അവസരം നിഷേധിക്കുന്നതെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി.