ബംഗ്ലാദേശിനെ ടെസ്റ്റ് മത്സരത്തില്‍ പരാജയപ്പെടുത്തി തങ്ങളുടെ മൂന്നാം മത്സരത്തില്‍ തന്നെ രണ്ട് ജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് നിരയില്‍ നിന്ന് ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി റിട്ടയര്‍മെന്റ് തീരുമാനം പ്രഖ്യാപിച്ചിരുന്നു. തന്റെ വിരമിക്കല്‍ വിജയത്തോടെ ആക്കിയ താരത്തിന് മത്സരശേഷം അഫ്ഗാന്‍ താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു. ഈ ഫോര്‍മാറ്റില്‍ ചരിത്ര വിജയമാണ് ബംഗ്ലാദേശിനെതിരെ നേടിയതെന്ന് പറഞ്ഞ നബി തങ്ങള്‍ പുതുമുഖങ്ങളാണെന്നത് ഓര്‍ക്കണമെന്ന് സൂചിപ്പിച്ചു.
മൂന്ന് ടെസ്റ്റുകള്‍ മാത്രമാണ് തങ്ങള്‍ കളിച്ചതെന്നും അതില്‍ ഇന്ത്യയോട് പരാജയപ്പെട്ടുവെങ്കിലും അയര്‍ലണ്ടിനെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തുവാന്‍ ടീമിന് സാധിച്ചത് വലിയ കാര്യമാണെന്നും തങ്ങള്‍ ഈ ഫോര്‍മാറ്റിന് അനുയോജ്യരാണെന്ന് തെളിയിക്കുന്നുവെന്നും നബി പറഞ്ഞു. തങ്ങളുടെ ആഭ്യന്തര ക്രിക്കറ്റ് അതിശക്തമാണെന്ന് ഇത് സൂചിപ്പിക്കുന്നുവെന്നും മുഹമ്മദ് നബി പറഞ്ഞു.
അഫ്ഗാനിസ്ഥാന് വേണ്ടി ടെസ്റ്റ് കളിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു. അത് സാധ്യമായതില്‍ ഏറെ സന്തോഷമുണ്ട്. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ മൂന്ന് തവണ കളിച്ച് രണ്ട് തവണ ചാമ്പ്യന്മാരും ഒരു തവണ റണ്ണറപ്പുമായ ടീമാണ് ഞങ്ങള്‍. ഐസിസി ടെസ്റ്റ് പദവി തരുവാനുള്ള ഒരു കാരണം ഈ ടൂര്‍ണ്ണമെന്റുകളിലെ പ്രകടനമാണെന്നും തനിക്ക് ഈ ടെസ്റ്റ് കളിക്കാനായ തലമുറയിലെ ഭാഗമാകാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു. വര്‍ഷങ്ങളുടെ പ്രയത്നമാണ് ടെസ്റ്റ് പദവിയും ടെസ്റ്റ് വിജയങ്ങളുമായി മാറിയിരിക്കുന്നതെന്നും നബി വ്യക്തമാക്കി.