കൈവിട്ടത് ലോകകപ്പ് മാത്രം, ഈ കാലത്തെ മികവില്‍ ഏറെ അഭിമാനം

- Advertisement -

അഞ്ച് വര്‍ഷത്തെ ബാറ്റിംഗ് കോച്ചെന്ന ദൗത്യം അവസാനിപ്പിച്ച് സഞ്ജയ് ബംഗാര്‍ മടങ്ങിയെങ്കിലും തനിക്ക് മികച്ച ഓര്‍മ്മകള്‍ മാത്രമാണുള്ളതെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച്. ഈ കാലയളവില്‍ 52 ടെസ്റ്റില്‍ 30 എണ്ണത്തില്‍ വിജയിച്ച ഇന്ത്യ ഇതില്‍ 13 എണ്ണം വിദേശത്താണ് വിജയിച്ചതെന്നുള്ളത് വലിയ അഭിമാന നിമിഷമാണെന്ന് പറഞ്ഞു. ഏകദിനങ്ങളും സ്ഥിരമായി വിദേശ രാജ്യങ്ങളില്‍ വിജയിക്കാനായി എന്ന പറഞ്ഞ ബംഗാര്‍ ടീമിനേറ്റ ഏക തിരിച്ചടി ലോകകപ്പ് നേടാനായില്ലെന്നതാണെന്ന് സൂചിപ്പിച്ചു. ഈ അഞ്ച് വര്‍ഷത്തെ കാലയളവില്‍ മൂന്ന് വര്‍ഷത്തോളം ടെസ്റ്റില്‍ ഒന്നാം റാങ്ക് ടീമായി തുടരാനായത് ചെറിയ കാര്യമല്ലെന്നും ബംഗാര്‍ അഭിപ്രായപ്പെട്ടു.

സെമി ഫൈനലില്‍ ന്യൂസിലാണ്ടിനോട് തോറ്റപ്പോളും ടൂര്‍ണ്ണമെന്റിലുടനീളവും ചര്‍ച്ച വിഷയമായത് ഇന്ത്യയുടെ നാലാം നമ്പര്‍ സ്പോട്ടില്‍ ആരെന്നതിനെക്കുറിച്ചായിരുന്നു. പല താരങ്ങളെയും പരീക്ഷിച്ചുവെങ്കിലും ആ സ്ഥാനം ഇന്ത്യയ്ക്ക് ഏറെ കാലമായി തലവേദന സൃഷ്ടിക്കപ്പെടുകയായിരുന്നു. ടീം മാനേജ്മെന്റ് മുഴുവന്‍ നാലാം നമ്പറില്‍ ആരെന്നതിലുള്ള തീരുമാനത്തില്‍ പങ്കാളിയായിരുന്നുവെന്ന് പറഞ്ഞ ബംഗാര്‍, ആ സമയത്തെ ഫോമും ഫിറ്റ്നെസ്സുമായിരുന്നു പരിഗണിച്ചിരുന്നതെന്ന് പറഞ്ഞു. കൂടാതെ ഇടം കൈയ്യനാണോ, ബൗളിംഗ് സാധിക്കുമോ എന്ന പല ഘടകങ്ങളും തീരുമാനത്തില്‍ പരിഗണിച്ചതാണെന്നും പറഞ്ഞു.

സപ്പോര്‍ട്ട് സ്റ്റാഫില്‍ എല്ലാവരെയും വീണ്ടും തിരിച്ചെത്തിച്ചുവെങ്കിലും സഞ്ജയ് ബംഗാറിനെ മാത്രമാണ് പുറത്തിരുത്തിയത്. തന്റെ കാലയളവില്‍ നാലാം നമ്പറിലേക്ക് ഒരു താരത്തെ വളര്‍ത്തിക്കൊണ്ടു വരാത്തതാവും ബംഗാറിനെ പുറത്താക്കുവാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നതെങ്കിലും നാലാം നമ്പര്‍ താന്‍ ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്ന് ബംഗാര്‍ വ്യക്തമാക്കി.

Advertisement