ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാനുള്ള തന്റെ തീരുമാനം അറിയിച്ച് ഹാമിള്‍ട്ടണ്‍ മസകഡ്സ . ബംഗ്ലാദേശില്‍ ആതിഥേയരും അഫ്ഗാനിസ്ഥാനും സിംബാബ്‍വേയും പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷമാവും താരത്തിന്റെ വിരമിക്കല്‍. 2001ല്‍ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ച താരം വിന്‍ഡീസിനെതിരെ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ ശതകം നേടിയിരുന്നു. അന്ന് ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് ശതകത്തിനുള്ള റെക്കോര്‍ഡും മസകഡ്സ സ്വന്തമാക്കിയിരുന്നു. പിന്നീട് ആ റെക്കോര്‍ഡ് മുഹമ്മദ് അഷ്റഫുള്‍ തിരുത്തി.
സിംബാബ്‍വേയ്ക്കായി 38 ടെസ്റ്റുകള്‍ കളിച്ച താരം രാജ്യത്തിന് വേണ്ടി ഏറ്റവും അധികം ഏകദിനം കളിച്ചവരില്‍ നാലാം സ്ഥാനത്താണ്. ഫ്ലവര്‍ സഹോദരന്മാര്‍ക്കും എല്‍ട്ടണ്‍ ചിഗുംബരയ്ക്കും പിന്നിലായാണ് താരം നിലകൊള്ളുന്നത്. 209 ഏകദിനങ്ങളില്‍ നിന്ന് 5658 റണ്‍സ് നേടിയിട്ടുള്ള താരം സിംബാബ്‍വേ റണ്‍ വേട്ടക്കാരുടെ പട്ടികയിലും നാലാം സ്ഥാനത്താണ്.
62 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 1529 റണ്‍സാണ് മസകഡ്സ നേടിയിട്ടുള്ളത്. സിംബാബ്‍വേയ്ക്കുള്ള വിലക്കിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ താരമാണ് മസകഡ്സ. സോളമണ്‍ മിര്‍ ആണ് ആദ്യം വിരമിക്കല്‍ പ്രഖ്യാപിച്ചത്.