ഹഫീസിനിത് അവസാന ടെസ്റ്റ്

- Advertisement -

അബുദാബിയില്‍ ന്യൂസിലാണ്ടും പാക്കിസ്ഥാനും തമ്മില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനു ശേഷം വിട വാങ്ങുവാനൊരുങ്ങി മുഹമ്മദ് ഫഹീസ്. പാക്കിസ്ഥാന്‍ ടീമിലേക്ക് അടുത്തിടെ മാത്രം മടങ്ങിയെത്തിയ താരം ടെസ്റ്റിന്റെ രണ്ടാം ദിവസത്തിന്റെ അവസാനമാണ് വിരമിക്കല്‍ തീരമാനം അറിയിച്ചത്. ഈ ടെസ്റ്റിന്റെ അവസാനത്തിനു ശേഷം താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് താരം അറിയിക്കുകയായിരുന്നു.

ഒക്ടോബറില്‍ മാത്രമാണ് താരം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാന്‍ ടീമിലേക്ക് എത്തുന്നത്. മടങ്ങി വരവില്‍ ഓസ്ട്രേലിയയ്ക്കെതിരെ ശതകം നേടിയെങ്കിലും പിന്നീടങ്ങോട്ട് ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ ഹഫീസിനായിരുന്നില്ല. 60 റണ്‍സാണ് താരം അടുത്ത അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് നേടിയത്. മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലും മോശം ഫോം തുടര്‍ന്ന താരം പൂജ്യത്തിനു പുറത്താകുകയായിരുന്നു.

മോശം ഫോമല്ല, കൂടുതല്‍ ശ്രദ്ധ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ വേണ്ടിയാണ് താന്‍ വിരമിക്കുന്നതെന്നാണ് താരം അറിയിച്ചത്. കറാച്ചിയില്‍ 2003ല്‍ ബംഗ്ലാദേശിനെതിരെയാണ് താരത്തിന്റെ അരങ്ങേറ്റം. 55 ടെസ്റ്റുകളില്‍ നിന്ന് 10 ശതകങ്ങളും 12 അര്‍ദ്ധ ശതകങ്ങളും നേടിയ ഹഫീസ് 53 വിക്കറ്റുകളും നേടിയിട്ടുണ്ട്.

എന്നാല്‍ ആക്ഷന്റെ കാരണം ഏറെ തവണ ബൗളിംഗ് വിലക്ക് നേരിടേണ്ടി വന്ന താരവുമാണ് മുഹമ്മദ് ഹഫീസ്.

Advertisement