ഓസ്‌ട്രേലിയയെ അപേക്ഷിച്ച് ഇന്ത്യൻ ബൗളിംഗ് ആക്രമണം ഒട്ടും പിറകിൽ അല്ല എന്ന് മുൻ ഇന്ത്യൻ കോച്ച് ഗ്രെഗ് ചാപ്പൽ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു മുന്നോടിയായി സംസാരിക്കുക ആയിരുന്നു ചാപ്പൽ. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട് എന്നിവർ ആണ് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ടീമിൽ ഉള്ളത്. ബുമ്ര ഇല്ലെങ്കിലും ഇന്ത്യൻ ബൗളിംഗ് ശക്തമാണ് എന്ന് ചാപ്പൽ പറയുന്നു.
ഓസീസ് താരങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ബൗളിംഗ് പിറകിലാണെന്ന് താൻ കരുതുന്നില്ലെന്ന് ചാപ്പൽ പറഞ്ഞു. “ഇന്ത്യൻ ബൗളിംഗ് ആക്രമണം ഓസ്‌ട്രേലിയയെക്കാൾ ചെറുതാണെന്ന് ഞാൻ കരുതുന്നില്ല. ഷമി വളരെ മികച്ച ബൗളറാണ്, ഐപിഎല്ലിൽ സിറാജും മികച്ച താളത്തിലായിരുന്നു. ഓസ്‌ട്രേലിയക്കാർ ഇന്ത്യക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് പോലെ തന്നെ ഇന്ത്യൻ ബൗളർമാർ ഓസ്‌ട്രേലിയക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കും.” ചാപ്പൽ പറഞ്ഞു.
“നിങ്ങൾ എന്നോട് ചോദിച്ചാൽ, ഇന്ത്യ രണ്ട് സ്പിന്നർമാരുമായാണ് ഇറങ്ങേണ്ടതെന്ന് ഞാൻ കരുതുന്നു. അശ്വിനും ജഡേജയും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, നിങ്ങളുടെ മികച്ച ബൗളർമാർക്കൊപ്പം ആണ് നിങ്ങൾ ഇറങ്ങേണ്ടതുണ്ട്. ജഡേജ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയില്ലെങ്കിലും, അവൻ റൺ ലീക്ക് ചെയ്യില്ല. അത് ഫാസ്റ്റ് ബൗളർമാർക്ക് ആവശ്യമായ ആശ്വാസം നൽകും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടെസ്റ്റ് തലത്തിൽ ജഡേജയുടെ ബാറ്റിംഗ് മികച്ചതാണ്.” ചാപ്പൽ കൂട്ടിച്ചേർത്തു