മികച്ച കാണികള്‍ക്ക് മുന്നിലുള്ള മികച്ച മത്സര വിജയങ്ങള്‍

Sports Correspondent

ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പര വിജയത്തെക്കുറിച്ച് ന്യൂസിലാണ്ട് ക്യാപ്റ്റന്‍ ടിം സൗത്തി വിശേഷിപ്പിച്ചത് – മികച്ച കാണികളുടെ മുന്നിലുള്ള മികച്ച മത്സര വിജയങ്ങളെന്നാണ്. ഇന്നലെ കളിയിലെ താരം കൂടിയായി തിരഞ്ഞെടുക്കപ്പെട്ട സൗത്തി തന്റെ നാലോവര്‍ സ്പെല്ലില്‍ വെറും 18 റണ്‍സിനാണ് 2 വിക്കറ്റ് നേടിയത്. മറ്റ് ന്യൂസിലാണ്ട് ബൗളര്‍മാരെല്ലാം തങ്ങളുടെ നാലോവറില്‍ 30ന് മുകളില്‍ റണ്‍സ് വഴങ്ങിയപ്പോളാണ് സൗത്തിയുടെ ഈ മിന്നും പ്രകടനം.

ഇത്തരം വാശിയേറിയ ത്രില്ലര്‍ മത്സരങ്ങളില്‍ അവസാന കടമ്പ കടക്കുക എന്നത് എപ്പോളും ആശ്വാസം നല്‍കുന്ന കാര്യമാണ്. ടീമില്‍ അവസാനം വരെ അടിച്ച് തകര്‍ത്ത് ബാറ്റ് ചെയ്യുവാന്‍ ശേഷിയുള്ള താരങ്ങളുണ്ടെന്നും ടിം സൗത്തി വെളിപ്പെടുത്തി.

ഓരോ മത്സരങ്ങളിലും ഓരോ താരങ്ങള്‍ ടീമിന്റെ വിജയത്തിലേക്ക് സംഭാവന ചെയ്യുന്നത് വളരെ മികച്ച കാര്യമാണെന്നും ടിം സൗത്തി വ്യക്തമാക്കി. കോളിന്‍ ഡി ഗ്രാന്‍ഡോമും ടോം ബ്രൂസും വളരെ നിര്‍ണ്ണായക പ്രകടനമാണ് ആദ്യ വിക്കറ്റുകള്‍ തുടക്കത്തിലെ നഷ്ടമായ ശേഷം പുറത്തെടുത്തതെന്നും ടിം സൗത്തി വെളിപ്പെടുത്തി. പരമ്പര വിജയം ഇന്ന് ആഘോഷിച്ച ശേഷം അടുത്ത മത്സരത്തിലേക്ക് ടീം ശ്രദ്ധ തിരിക്കുമെന്നും പറഞ്ഞു.

അവസാന ഓവറിലെ ഭാഗ്യത്തിന്റെ പിന്തുണയ്ക്ക് ശേഷം ശ്രീലങ്കന്‍ താരങ്ങളായ ഷെഹാന്‍ ജയസൂര്യയും കുശല്‍ മെന്‍ഡിസും കൂട്ടിയിടിയ്ക്ക് ശേഷം പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ടിം സൗത്തി വ്യക്തമാക്കി.