ഡെറാഡൂൺ : 41ആമത് ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് തോൽവി. ഹിമാചൽ പ്രദേശ് ആറ് വിക്കറ്റിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശ് 35.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് തുടക്കത്തിൽ തന്നെ രോഹൻ കുന്നുമ്മലിൻ്റെയും ഷോൺ റോജറുടെയും വിക്കറ്റുകൾ നഷ്ടമായി. രോഹൻ പത്തും ഷോൺ റോജർ 15 റൺസും നേടി. ആനന്ദ് കൃഷ്ണനും അഹ്മദ് ഇമ്രാനും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. ആനന്ദ് 35ഉം അഹ്മദ് ഇമ്രാൻ 46ഉം റൺസ് നേടി. തുടർന്നെത്തിയ ക്യാപ്റ്റൻ സൽമാൻ നിസാറാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. സൽമാൻ 71 പന്തുകളിൽ നിന്ന് 50 റൺസെടുത്തു. 27 പന്തുകളിൽ 29 റൺസെടുത്ത അഖിൽ സ്കറിയയുടെ പ്രകടനവും ശ്രദ്ധേയമായി. ഹിമാചലിന് വേണ്ടി ഹൃതിക് കാലിയ മൂന്ന് വിക്കറ്റും മായങ്ക് ദാഗർ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശിന് ഏകാന്ത് സെന്നിൻ്റെ തകർപ്പൻ സെഞ്ച്വറിയാണ് അനായാസ വിജയം ഒരുക്കിയത്. 81 പന്തുകളിൽ 102 റൺസുമായി ഏകാന്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഇന്നേഷ് മഹാജൻ 46ഉം അമൻപ്രീത് സിങ് 39ഉം റൺസ് നേടി. കേരളത്തിന് വേണ്ടി അഖിൻ സത്താർ, ഫാനൂസ് ഫയിസ്, ഷോൺ റോജർ, സിജോമോൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
 
					













