ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലെ ആറ് വിക്കറ്റ് ജയത്തിനു ശേഷം ജയം എന്തെന്നറിയാതെ ബുദ്ധിമുട്ടുകയായിരുന്ന ടൊറോണ്ടോ നാഷണല്‍സിനു ആശ്വാസ ജയം. അതും ഒരു വിക്കറ്റിന്റെ. ഇന്നലെ നടന്ന മത്സരത്തില്‍ മോണ്ട്രിയല് ടൈഗേഴ്സിനെയാണ് ഒരു വിക്കറ്റിനു ടൊറോണ്ടോ നാഷണല്‍സ് പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുനിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തുവാന്‍ നാഷണല്‍സിനു സാധിച്ചിട്ടുണ്ട്. നിലവില്‍ അവസാന സ്ഥാനക്കാര്‍ മോണ്ട്രിയല് ടൈഗേഴ്സാണ്.
ആദ്യം ബാറ്റ് ചെയ്ത മോണ്ട്രിയല് ജോര്‍ജ്ജ് വര്‍ക്കര്‍(62), മോയിസസ് ഹെന്റിക്കസ്(50) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ നിന്ന് 176/4 എന്ന സ്കോര്‍ നേടുകയായരുന്നു. മുഹമ്മദ് സമിയ്ക്കാണ് മൂന്ന് വിക്കറ്റ് ലഭിച്ചത്.
വിക്കറ്റുകള്‍ തുടരെ വീണുവെങ്കിലും ആന്റണ്‍ ഡെവ്സിച്ച്, കീറണ്‍ പള്ളാര്‍ഡ്, നിതീഷ് കുമാര്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് വിജയം ഉറപ്പിക്കുവാന്‍ നാഷണല്‍സിനെ സഹായിച്ചത്. 23 പന്തില്‍ നിന്ന് 4 സിക്സ് ഉള്‍പ്പെടെ 46 റണ്‍സ് നേടിയ നീതീഷ് കുമാര്‍ ആണ് കളിയിലെ താരം. കീറണ്‍ പൊള്ളാര്‍ഡ് 21 പന്തില്‍ നിന്ന് 37 റണ്‍സും ഡെവ്സിച്ച് 34 പന്തില്‍ നിന്ന് 43 റണ്‍സുമാണ് നേടിയത്.
9 വിക്കറ്റുകളുടെ നഷ്ടത്തില്‍ അവസാന പന്തിലാണ് ടീമിനു ജയം സ്വന്തമാക്കാനായത്. അവസാന പന്തില്‍ വിജയിക്കുവാന്‍ 2 റണ്‍സ് വേണ്ട ഘടത്തില്‍ കെസ്രിക് വില്യംസ് പീറ്റര്‍ സിഡിലിനെ ബൗണ്ടറി പായിച്ചാണ് ജയം ഉറപ്പാക്കിയത്. 19ാം ഓവറിന്റെ അവസാന പന്തില്‍ സുനില്‍ നരൈനേ സിക്സര്‍ പറത്തി മുഹമ്മദ് സമിയും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.
അവസാന ഓവറില്‍ 6 പന്തില്‍ നിന്ന് 13 റണ്‍സ് വേണ്ടിയിരുന്ന നാഷണല്‍സിനെ പൊള്ളാര്‍ഡ് വിജയത്തിനരികെ എത്തിച്ചു. ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തില്‍ ബൗണ്ടറിയും നേടിയ താരം അടുത്ത പന്തില്‍ താരം ഔട്ടായത് മത്സരം കൂടുതല്‍ ആവേശകരമായി. പിന്നീടുള്ള മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് വേണ്ടിയിരുന്ന ടൊറോണ്ടോയ്ക്ക് കൈവശമുണ്ടായിരുന്നത് ഒരു വിക്കറ്റ് മാത്രമായിരുന്നു.
ലസിത് മലിംഗയും പീറ്റര്‍ സിഡിലും ടൈഗേഴ്സിനു വേണ്ടി മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ലാമിച്ചാനെയ്ക്കാണ് രണ്ട് വിക്കറ്റ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial