കാനഡ ടി20യില്‍ ജൈത്രയാത്ര തുടര്‍ന്ന് വിന്‍ഡീസ് ബോര്‍ഡ് ടീം

- Advertisement -

ഗ്ലോബല്‍ ടി20 കാനഡയിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ടീം. തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഇന്നലെ ബോര്‍ഡ് ടീം സ്വന്തമാക്കിയത്. വിന്നിപെഗ് ഹോക്ക്സിനെതിരെ 9 വിക്കറ്റിന്റെ ജയമാണ് ടീം ഇന്നലെ സ്വന്തമാക്കിയത്. ക്യാപ്റ്റനായി മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലിറങ്ങിയ വിന്നിപെഗിനു 20 ഓവറില്‍ 151/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ലെന്‍ഡല്‍ സിമ്മണ്‍സ് 45 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ബെന്‍ മക്ഡര്‍മട്ട്(31), മാര്‍ക്ക് ദയാല്‍(24*) എന്നിവരുടെ സ്കോറുകളാണ് ടീം സ്കോര്‍ 150 കടക്കാന്‍ സഹായിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഒബേദ് മക്കോയോടൊപ്പം ദെര്‍വാല്‍ ഗ്രീന്‍, ഫാബിയന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജസ്റ്റിന്‍ ഗ്രീവ്സ് എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

മൂന്നാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് വിന്‍ഡീസ് ടീമിനു യാതൊരുവിധ അലോസരവുമുണ്ടാക്കുവാന്‍ വിന്നിപെഗ് ബൗളര്‍മാര്‍ക്കായില്ല. 58 പന്തില്‍ 89 റണ്‍സ് നേടി ജസ്റ്റിന്‍ ഗ്രീവ്സും 44 റണ്‍സ് നേടി ബ്രണ്ടന്‍ കിംഗും ചേര്‍ന്ന് ടീമിനെ 9 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു. ഗ്രീവ്സ് തന്നെയാണ് കളിയിലെ താരം. ഫിഡല്‍ എഡ്വേര്‍ഡ്സിനാണ് ഇന്നിംഗ്സില്‍ വീണ് ഏക വിക്കറ്റ് നേടാനായത്.

6 പോയിന്റുമായി വിന്‍ഡീസ് ബോര്‍ഡ് ടീം ആണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement