ഗ്ലാമോര്‍ഗനുമായുള്ള കരാര്‍ 2022 വരെ നീട്ടി ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലാബൂഷാനെ

ഈ സീസണില്‍ ഗ്ലാമോര്‍ഗനു വേണ്ടി കളിക്കാനാകാത്തതിനാല്‍ തന്റെ കരാര്‍ 2022 വരെ നീട്ടി ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലാബൂഷാനെ. രണ്ട് വര്‍ഷത്തെ കരാര്‍ ആണ് താരം ആദ്യം കൗണ്ടി ക്ലബ്ബുമായി നടത്തിയത്. അതില്‍ കൊറോണ കാരണം ഈ വര്‍ഷം കൗണ്ടി സീസണ്‍ തന്നെ അവതാളത്തിലായിരുന്നു.

ഇതോടെ ഗ്ലാമോര്‍ഗനുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുവാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ലാബൂഷാനെ വ്യക്തമാക്കി. ഈ സീസണില്‍ ടീമിനായി ജഴ്സിയണിയുവാന്‍ ആകാത്തതില്‍ വലിയ വിഷമമുണ്ടെന്നും താരം വ്യക്തമാക്കി. താന്‍ കളിച്ച ആദ്യ സീസണ്‍ തനിക്ക് ഇവിടെ ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും അതിനാല്‍ തന്നെ ഇവരുമായുള്ള ബന്ധം തുടരുവാനാണ് ആഗ്രഹമെന്നും ലാബൂഷാനെ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം പത്ത് കൗണ്ടി മത്സരങ്ങളില്‍ നിന്നായി ഗ്ലാമോര്‍ഗന് വേണ്ടി 1114 റണ്‍സാണ് ലാബൂഷാനെ നേടിയത്. രണ്ടാം ഡിവിഷനില്‍ ടീമിനെ നാലാം സ്ഥാനത്തേക്ക് എത്തുവാനും ലാബൂഷാനെയുടെ പ്രകടനങ്ങള്‍ സഹായിച്ചിരുന്നു.