ടി20 ലോകകപ്പ് നടക്കുമ്പോൾ ആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്

ഓസ്ട്രേലിയയിൽ വെച്ച് ഏതു സമയത്ത് ടി20 ലോകകപ്പ് നടത്തുകയാണെങ്കിലും ആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ച്കൊണ്ടായിരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ താത്കാലിക സി.ഇ.ഓ നിക്ക് ഹോക്‌ലി. ടി20 ലോകകപ്പ് ഒരിക്കലും അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കില്ലെന്നും സി.ഇ.ഓ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് സി.ഇ.ഓയായിരുന്ന കെവിൻ റോബർട്സിനെ മാറ്റി നിക്ക് ഹോക്‌ലി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സി.ഇ.ഓ ആയത്. കൊറോണ വൈറസ് കൊണ്ട് വന്ന സാമ്പത്തിക പ്രതിസന്ധിയാണ് കെവിൻ റോബർട്സിന്റെ സ്ഥാനം തെറിപ്പിച്ചത്.

ഓസ്ട്രലിയൻ ക്രിക്കറ്റ് ബോർഡിന്റെ  വെല്ലുവിളി 15 ടീമുകളെ ഓസ്ട്രേലിയയിൽ എത്തിക്കുകയെന്നതാണെന്നും കാണികളെ ഉൾകൊള്ളിച്ചു കൊണ്ട് തന്നെ മത്സരം നടത്താനാണ് ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡിന്റെ ശ്രമമെന്നും ഹോക്‌ലി പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ തീരുമാനത്തോടെ ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് ടി20 ലോകകപ്പ് നടത്താനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. അടുത്ത മാസം ഓസ്ട്രേലിയയിൽ വെച്ച് ഈ വർഷം ലോകകപ്പ് നടത്തുന്ന കാര്യത്തിൽ ഐ.സി.സി അന്തിമ തീരുമാനം എടുക്കുമെന്നാണ് കരുതപ്പെടുന്നത്.