ഈ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ഗിൽ മിന്നുന്ന ഫോമിൽ ആയിരുന്നു. എന്നാൽ ഐ പി എല്ലിലെ ഫോം കൊണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കാര്യമില്ല എന്നും ഇത് തീർത്തും വ്യത്യസ്തമായ ഗെയിം ആണ് എന്നും ഗിൽ പറഞ്ഞു. ഐ പി എല്ലിൽ 890 റൺസ് നേടാൻ ഗില്ലിനായിരുന്നു.
“ഐ പി എൽ ഫോം തനിക്ക് അൽപ്പം ആത്മവിശ്വാസം നൽകുന്നു. എന്നാൽ ഐപിഎല്ലിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യവും തികച്ചും വ്യത്യസ്തമായ ഗെയിമുമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്” ഗിൽ പറഞ്ഞു.
“കഴിഞ്ഞയാഴ്ച ഞങ്ങൾ വ്യത്യസ്തമായ അന്തരീക്ഷത്തിൽ തികച്ചും വ്യത്യസ്തമായ ഒരു കളി കളിക്കുകയായിരുന്നു, ഇപ്പോൾ വേറെ ഒരു സാഹചര്യത്തിൽ വേറെ ഒരു ഫോർമാറ്റ്. അതാണ് വെല്ലുവിളി, അതാണ് ടെസ്റ്റ് ക്രിക്കറ്റ് ആവേശമാകുന്നത്.” ഗിൽ പറഞ്ഞു.
2021-ൽ നടന്ന ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ഗിൽ, ആ തോൽവിയിൽ നിന്ന് ടീം ധാരാളം പഠിച്ചുവെന്ന് 23 കാരനായ ഗിൽ പറഞ്ഞു. കഴിഞ്ഞ തവണ ഞങ്ങൾ ചെയ്ത പിഴവുകൾ മറികടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.