നാടകീയമായ ടെസ്റ്റ് മത്സരത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സമനില സമ്മതിക്കാത്തതിനെ ന്യായീകരിച്ചു. രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും വ്യക്തിഗത സെഞ്ച്വറികൾക്ക് അടുത്തെത്തിയപ്പോൾ, ഇംഗ്ലണ്ടിന്റെ ‘ഡ്രോ’ വാഗ്ദാനം തങ്ങൾ നിരസിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അവസാന സെഷനിൽ ഇംഗ്ലണ്ട് ഹസ്തദാനം നീട്ടിയെങ്കിലും, ഇന്ത്യൻ ടീം അത് നിരസിക്കുക ആയിരുന്നു. ഇരു ബാറ്റ്സ്മാൻമാർക്കും സെഞ്ച്വറി നേടാൻ ഒരു അവസരം നൽകാനായിരുന്നു ഇന്ത്യയുടെ തീരുമാനം.

“അവർ നന്നായി ബാറ്റ് ചെയ്തു, അവർ 90-കളിൽ ആയിരുന്നു, ഒരു സെഞ്ച്വറിക്ക് അവർ അർഹരാണെന്ന് ഞങ്ങൾ കരുതി,” കളി തുടരാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഗിൽ മത്സരശേഷം പറഞ്ഞു.
പ്രയാസകരമായ അഞ്ചാം ദിവസം സമ്മർദ്ദത്തിൽ കളിച്ച ഇരുവർക്കും അർഹിച്ച പ്രതിഫലം നൽകുക എന്നതാണ് ഈ തീരുമാനത്തിന്റെ പിന്നിൽ എന്ന് ക്യാപ്റ്റൻ ഊന്നിപ്പറഞ്ഞു. എന്നാൽ സ്റ്റോക്സ് മത്സര ശേഷം വിവാദങ്ങളിലേക്ക് കടക്കാൻ നിന്നില്ല. എന്റെ ബൗളർമാർ തളർന്നിരുന്നു എന്നും അതാണ് സമനിലക്ക് നോക്കിയത് എന്നും അദ്ദേഹം പറഞ്ഞു.