ശുഭ്മന്‍ ഗില്ലിന്റെ പുറത്താകാതെ നേടിയ 106 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ എയ്ക്കെതിരെ ജയം സ്വന്തമാക്കി ഇന്ത്യ സി. 294 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ടീം 47 ഓവറിലാണ് വിജയം നേടിയത്. 4 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ഗില്ലിനു പുറമേ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും അര്‍ദ്ധ ശതകങ്ങള്‍ നേടിയിരുന്നു. കിഷന്‍ 69 റണ്‍സ് നേടി പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവ് 56 റണ്‍സുമായി പുറത്താകാതെ നിന്നു. 36 പന്തില്‍ നിന്നാണ് 56 റണ്‍സ് സൂര്യകുമാര്‍ നേടിയത്. അഭിനവ് മുകുന്ദ് 37 റണ്‍സ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 6 വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സാണ് നേടിയത്. അഭിമന്യു ഈശ്വരന്‍(69), അന്മോല്‍പ്രീത് സിംഗ്(59), നിതീഷ് റാണ(68) എന്നിവര്‍ക്കൊപ്പം ദിനേശ് കാര്‍ത്തിക്ക് 32 റണ്‍സ് നേടിയപ്പോള്‍ കേധാര്‍ ജാഥവ് 41 റണ്‍സുമായി പുറത്താകാതെ നിന്നു. 25 പന്തില്‍ നിന്നാണ് ജാഥവിന്റെ പ്രകടനം.
വിജയ് ശങ്കര്‍ മൂന്നും രാഹുല്‍ ചഹാര്‍ രണ്ടും വിക്കറ്റ് നേടി ഇന്ത്യ സി ബൗളര്‍മാരില്‍ തിളങ്ങി.