ക്രിസ് സില്‍വര്‍വുഡ് ഇംഗ്ലണ്ടിന്റഎ അടുത്ത കോച്ചാവണമെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്‍ലി ജൈല്‍സ്. ക്രിസ് 99.99 ശതമാനവും ഇംഗ്ലണ്ടിന്റെ ടെസ്റ്റ്-പരിമിത ഓവര്‍ ക്രിക്കറ്റിന്റെ കോച്ചായി എത്തണമെന്നതിനെ താന്‍ പിന്തുണയ്ക്കുന്നു എന്ന് ജൈല്‍സ് വ്യക്തമാക്കുകയായിരുന്നു. സെപ്റ്റംബറില്‍ ആഷസിനു ശേഷം ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ഒടുവില്‍ നിലവിലെ കോച്ച് ട്രെവര്‍ ബെയിലിസ് ഇംഗ്ലണ്ട് കോച്ചിന്റെ റോളില്‍ നിന്ന് ഒഴിയുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം പകരക്കാരനാകുമെന്ന് ഏറെ പേര്‍ വിശ്വസിച്ചിരുന്ന പോള്‍ ഫാര്‍ബ്രേസ് വിന്‍ഡീസ് പര്യടനത്തിനു ശേഷം വിട വാങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. പോള്‍ ഫാര്‍ബ്രേസിന് വാര്‍വിക്ഷെയര്‍ കോച്ചായി ചുതമലയേല്‍ക്കുവാനുള്ള അവസരം ലഭിച്ചതാണ് ഇതിനു കാരണം.
പുതിയ കോച്ചിനെ തിരഞ്ഞെടുത്ത ശേഷം മാത്രമേ സഹ പരിശീലകരെയും തിരഞ്ഞെടുക്കുകയുള്ളു ഇംഗ്ലണ്ട് എന്നാണ് അറിയുന്നത്. ഇംഗ്ലണ്ടിനു ഓരോ ഫോര്‍മാറ്റിലും വ്യത്യസ്തരായ കോച്ച് വേണെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും ജൈല്‍സിന്റെ വിശ്വാസത്തില്‍ ടീമുകള്‍ക്ക് ഒരു കോച്ചാണ് നല്ലതെന്നാണ്. കോച്ചായി ഇംഗ്ലീഷുകാരനാകണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത് തന്നെ വേണെമന്ന വാശി തനിക്കില്ല. കൃത്യമായ വ്യക്തിയെ കണ്ടെത്തുക എന്നതാണ് ഏറെ പ്രധാനമെന്ന് ജൈല്‍സ് പറഞ്ഞു.