ധോണിയുടെ ക്രിക്കറ്റിൽ നിന്നുള്ള നീണ്ട ഇടവേളയെ ചോദ്യം ചെയ്ത് സുനിൽ ഗാവസ്‌കർ

- Advertisement -

ക്രിക്കറ്റിൽ നിന്ന് ദീർഘ കാലം വിട്ടുനിൽക്കുന്ന ധോണിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ലോകകപ്പ് ടി20ക്കുള്ള ഇന്ത്യൻ ടീമിൽ ധോണി ഇടം നെടുമോയെന്ന ചോദ്യത്തിന് പ്രതികരണമായാണ് സുനിൽ ഗാവസ്‌കർ ഇന്ത്യൻ ടീമിൽ നിന്ന് ധോണിയുടെ ദീർഘ ഇടവേളയെ ചോദ്യം ചെയ്തത്.

ഇത്രയും കാലം ഒരാൾക്ക് ഇന്ത്യൻ ടീമിൽ നിന്ന് സ്വയം വിട്ടുനിൽക്കാൻ പറ്റുമോയെന്നും സുനിൽ ഗാവസ്‌കർ ചോദിച്ചു. ധോണിയുടെ ഫിറ്റ്നസിന്റെ കാര്യം തനിക്ക് അറിയില്ലെന്നും എന്നാൽ ഇത്രയും കാലം എന്ത്കൊണ്ട് ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിന്നവെന്ന ചോദ്യത്തിന് ധോണി തന്നെ ഉത്തരം പറയണമെന്നും ഗാവസ്‌കർ പറഞ്ഞു.

കഴിഞ്ഞ ജൂലൈയിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ ലോകകപ്പ് സെമിയിൽ തോറ്റതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. അടുത്ത ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിച്ച് ധോണി ക്രിക്കറ്റിലേക്ക് മടങ്ങിവരുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യൻ പരിശീലകനായിരുന്ന രവി ശാസ്ത്രി ധോണി ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്നും സൂചന നൽകിയിരുന്നു.

Advertisement