ഇന്നത്തെ ലോകകപ്പ് ഫൈനലിലും ഇന്ത്യ തോറ്റാൽ രോഹിത് ബാർബഡോസ് സമുദ്രത്തിൽ ചാടിയേക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ യാത്രയെ കുറിച്ച് സംസാരിക്കവെ തമാശയായാണ് ഗാംഗുലി ഈ വാക്കുകൾ പറഞ്ഞത്. രോഹിത് ശർമ്മ മികച്ച ക്യാപ്റ്റൻ ആണെന്നും താൻ ബി സി സി ഐ പ്രസിഡന്റ് ആയി നിൽക്കവെ ആണ് രോഹിതിനെ ക്യാപ്റ്റൻ ആക്കിയത് എന്നും ഗാംഗുലി പറഞ്ഞു.
“അദ്ദേഹം രണ്ട് ലോകകപ്പ് ഫൈനൽ കളിച്ചു, രണ്ടിലും തോൽവിയറിയാതെ ഫൈനലിൽ പ്രവേശിച്ചു. അത് അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസിയെയും നേതൃഗുണത്തെയും കുറിച്ച് സംസാരിക്കുന്നു, ഞാൻ ബിസിസിഐ പ്രസിഡൻ്റായിരിക്കുമ്പോൾ ആണ് രോഹിതിനെ ക്യാപ്റ്റൻ ആയി നിയമിച്ചത്.” ഗാംഗുലി പറയുന്നു.
“അദ്ദേഹം ക്യാപ്റ്റനാകാൻ തയ്യാറായിരുന്നില്ല. അദ്ദേഹത്തെ ക്യാപ്റ്റനാക്കാൻ വളരെയധികം സമ്മർദ്ദം ചെലുത്തേണ്ടി വന്നു. അദ്ദേഹത്തിന് കീഴിൽ ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുരോഗതി കാണുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.” ഗാംഗുലി പറഞ്ഞു.
“അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയതിൻ്റെ റെക്കോർഡ് രോഹിത്തിനുണ്ട്, അത് ഒരു വലിയ നേട്ടമാണ്. ഒരു ഐപിഎൽ കിരീടം നേടുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. ഐപിഎൽ അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാൾ മികച്ചതാണെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഐപിഎൽ ജയിക്കണമെങ്കിൽ 16-17 (12-13) മത്സരങ്ങൾ ജയിക്കണം; നിങ്ങൾക്ക് ഒരു ലോകകപ്പ് നേടുന്നതിന് 8-9 മത്സരങ്ങൾ മാത്രമെ ജയിക്കേണ്ടതുള്ളൂ. എങ്കിലും ലോകകപ്പ് നേടുന്നതിലാണ് കൂടുതൽ ബഹുമതി, നാളെ രോഹിത് അത് നേടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഗാംഗുലി പറഞ്ഞു.
“ഏഴ് (ആറ്) മാസത്തിനുള്ളിൽ രണ്ട് ലോകകപ്പ് ഫൈനൽ തോൽക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഏഴ് മാസത്തിനുള്ളിൽ തൻ്റെ ക്യാപ്റ്റൻസിയിൽ രണ്ട് ഫൈനലുകൾ തോറ്റാൽ അദ്ദേഹം ബാർബഡോസ് സമുദ്രത്തിലേക്ക് ചാടിയേക്കും. അദ്ദേഹം ടീമിനെ മുന്നിൽ നിന്ന് നയിച്ചു, മികച്ച ബാറ്റിംഗ് നടത്തി, നാളെ അത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഗാംഗുലി പറഞ്ഞു.