ഏകദിനത്തില്‍ 3-0ന് കനത്ത പരാജയം ഏറ്റു വാങ്ങിയ ബംഗ്ലാദേശ് ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പരയ്ക്ക് ഒരുങ്ങുമ്പോള്‍ ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ ഗെയിം അവയര്‍നസ് ബംഗ്ലാദേശ് താരങ്ങള്‍ക്ക് ഏറെ അനിവാര്യമാണെന്ന് പറഞ്ഞ് ടീമിന്റെ ടി20 നായകന്‍ മഹമ്മുദുള്ള. ഏകദിനത്തില്‍ നിന്ന് ടി20യിലേക്ക് ഫോര്‍മാറ്റ് മാറുമ്പോള്‍ വലിയ തോതില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ബംഗ്ലാദേശിന് പൊരുതി നില്‍ക്കാനാകുള്ളുവെന്നത് വ്യക്തമാണ്.
ഈ സാഹചര്യങ്ങളില്‍ മത്സരത്തെക്കുറിച്ചുള്ള ബോധമാണ് ഏറ്റവും അനിവാര്യമെന്നും ഫീല്‍ഡിംഗില്‍ കനത്ത കാറ്റും വേഗത്തിലുള്ള പന്തുകളും പ്രതീക്ഷിച്ച് ഉയര്‍ന്ന അല്ലേല്‍ ഫ്ലാറ്റ് ക്യാച്ചുകള്‍ക്കായി ഫീല്‍ഡര്‍മാര്‍ സ്വയം സജ്ജമാവണമെന്ന് മഹമ്മുദുള്ള സൂചിപ്പിച്ചു. ഫീല്‍ഡിംഗിലെ ചെറിയ സാധ്യതകള്‍ കൈപ്പിടിയിലൊതുക്കിയാല്‍ തന്നെ ന്യൂസിലാണ്ടിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ ബംഗ്ലാദേശിന് സാധിക്കുമെന്ന് ടീമിന്റെ ടി20 ക്യാപ്റ്റന്‍ പറഞ്ഞു.
രണ്ടാം ഏകദിനത്തില്‍ ടീമിനെ പിന്നോട്ടടിച്ചത് ഫീല്‍ഡിംഗ് ആണെന്നും എന്നാല്‍ ടി20 പരമ്പരയില്‍ ആക്രമണോത്സുക ക്രിക്കറ്റ് പുറത്തെടുത്ത് ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തുവാന്‍ ടീം ശ്രമിക്കുമെന്നും മഹമ്മുദുള്ള വ്യക്തമാക്കി.













