പാക് ഇതിഹാസം 63ാം വയസ്സില്‍ വിടവാങ്ങി

Sports Correspondent

പാക്കിസ്ഥാന്‍ മുന്‍ ലെഗ്സ്പിന്നര്‍ അബ്ദുള്‍ ഖാദിര്‍ കാര്‍ഡിയാക് അറസ്റ്റ് മൂലം വെള്ളിയാഴ്ച(സെപ്റ്റംബര്‍ 6ന്) അന്തരിച്ചു. പാക്കിസ്ഥാനെ 1977 മുതല്‍ 1993 വരെയുള്ള കാലഘട്ടത്തില്‍ പ്രതിനിധീകരിച്ചിട്ടുള്ള താരം 67 ടെസ്റ്റുകളും 104 ഏകദിനങ്ങളിലും പാക്കിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്. വൈവിധ്യങ്ങളുടെ കലവറയായിരുന്ന ഈ സ്പിന്‍ മാന്ത്രികന്‍ പാക്കിസ്ഥാനെ ഇടക്കാലത്ത് നയിക്കുകയും ചെയ്തിരുന്നു. 1983, 87 ലോകകപ്പിലും പാക്കിസ്ഥാന് വേണ്ടി താരം കളിച്ചു.

റിട്ടയര്‍മെന്റിന് ശേഷം പാക്കിസ്ഥാന്‍ ടീമിന്റെ മുഖ്യ സെലക്ടറായും ഖാദിര്‍ സേവനം അനുഷ്ഠിച്ചിരുന്നു. ശക്തമായ വിന്‍ഡീസ് ടീമിനെതിരെ മികച്ച ബൗളിംഗ് നടത്തിയ താരമായിരുന്നു ഖാദിര്‍. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ 30 വിക്കറ്റുകള്‍ നേടി ഏറ്റവും മികച്ച ഫോമില്‍ പന്തെറിഞ്ഞിരുന്ന താരം കൂടിയായിരുന്നു അബ്ദുള്‍ ഖാദിര്‍.