വിന്‍ഡീസിന്റെ ടി20 സ്ക്വാഡില്‍ ക്രിസ് ഗെയില്‍, ഫിഡല്‍ എഡ്വേര്‍ഡ്സ് പോലുള്ള പ്രായമേറിയ താരങ്ങള്‍ക്ക് ഇടം ലഭിച്ചപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയിന്‍ തോമസ് എന്നിവര്‍ക്ക് അവരുടെ സ്ഥാനം നഷ്ടമായിരുന്നു. ഇതിന് കാരണം വ്യക്തമാക്കി സെലക്ടര്‍മാരുടെ ചെയര്‍മാന്‍ റോജര്‍ ഹാര്‍പ്പര്‍.
ടീമില്‍ ഇടം പിടിക്കാത്ത യുവ താരങ്ങള്‍ക്ക് അവര്‍ക്ക് ഫിറ്റ്നെസ്സ് നിലവാരം ഇല്ലാത്തതിനാലാണ് അവരെ ഒഴിവാക്കിയതെന്നും ഇത് യുവതാരങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കുവാന്‍ ഉദ്ദേശിച്ച് ചെയ്തതാണെന്നും ഇവരും മറ്റു യുവ താരങ്ങളുമെല്ലാം തങ്ങളുടെ ഫിറ്റ്നെസ്സിനും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും ഹാര്‍പ്പര്‍ വ്യക്തമാക്കി.
ഹാര്‍പ്പറിന്റെ സമീപനത്തെ ശരി വയ്ക്കുന്നതായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ജിമ്മി ആഡംസും. താരങ്ങളുടെ പ്രശസ്തിയോ നിലവിലെ ഫോമോ ഒന്നും ഫിറ്റ്നെസ്സിനെ അവഗണിക്കുവാനുള്ള ഒരു കാരണം അല്ലെന്ന് ജിമ്മി ആഡംസ് സൂചിപ്പിച്ചു.
ഫിറ്റ്നെസ്സ് പരിശോധനയിലെ മിനിമം നിലവാരം മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അവയില്‍ പരാജയപ്പെടുകയാണെങ്കില്‍ താരങ്ങള്‍ക്ക് സെലക്ഷന് യോഗ്യതയുണ്ടാകുകയില്ലെന്നും ആഡംസ് വ്യക്തമാക്കി.