31 വർഷത്തിനിടെ ആദ്യമായി പരമ്പരയിലെ മുഴുവൻ മത്സരങ്ങളും തോറ്റ് ഇന്ത്യ

Photo : Twitter/@BCCI
- Advertisement -

31 വർഷത്തിന് ശേഷം ആദ്യമായി ഒരു ഏകദിന പരമ്പരയിലെ മുഴുവൻ മത്സരങ്ങളും പരാജയപ്പെട്ട് ഇന്ത്യൻ ടീം. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരവും തോറ്റ് ഇന്ത്യ പരമ്പര 3-0ന് അടിയറവവെച്ചിരുന്നു. നേരത്തെ പരമ്പര സ്വന്തമാക്കിയ ന്യൂസിലാൻഡ് അവസാന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ചത്.

ഇതോടെയാണ് മുഴുവൻ മത്സരങ്ങളും കളിച്ച പരമ്പരയിൽ 31 വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യ മുഴുവൻ മത്സരങ്ങളും പരാജയപ്പെടുന്നത്. 1989ൽ വെസ്റ്റിൻഡീസിനെതിരെ കളിച്ചപ്പോൾ അന്ന് ഇന്ത്യ ഏകദിന പരമ്പര 5-0ന് പരാജയപ്പെട്ടിരുന്നു. തുടർന്ന് ഇതുവരെ ഇന്ത്യ ഏകദിന പരമ്പരയിലെ മുഴുവൻ മത്സരങ്ങളും പരാജയപ്പെട്ടിരുന്നില്ല. 2006/07 സീസണിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 4-0ന് തോറ്റിരുന്നെങ്കിലും അന്ന് പരമ്പരയിലെ ഒരു മത്സരം ഉപേക്ഷിച്ചിരുന്നു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഇന്ത്യക്ക് മികവ് പുറത്തെടുക്കാനാവാതെ പോയതാണ് തിരിച്ചടിയായത്. ഏകദിന പരമ്പരക്ക് മുൻപ് നടന്ന ടി20 പരമ്പര ഇന്ത്യ 5-0ന് ജയിച്ചിരുന്നു.

Advertisement