രണ്ട് വര്‍ഷത്തെ പ്രയത്നം ലക്ഷ്യത്തിലെത്തിക്കുവാന്‍ ടീം മാനസികമായി തയ്യാറാകണം – ചേതേശ്വര്‍ പുജാര

Sports Correspondent

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യന്‍ ടീം മാനസികമായി തയ്യാറെടുക്കുകയെന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് പറ‍ഞ്ഞ് ചേതേശ്വര്‍ പുജാര. ഫൈനൽ ഒറ്റ മത്സരമാണെന്നും പൊതുവേയുള്ള ടെസ്റ്റ് പരമ്പരകളുടെ ശൈലിയല്ലെന്നതിനാൽ തന്നെ ഈ വലിയ മത്സരത്തിന് മാനസികമായി ടീം തയ്യാറാകുകയെന്നതാണ് ഏറ്റവും പ്രധാനമെന്ന് ഇന്ത്യയുടെ ബാറ്റിംഗ് നെടുംതൂണ് കൂടിയായ ചേതേശ്വര്‍ പുജാര പറഞ്ഞു.

10-12 ദിവസത്തെ തയ്യാറെടുപ്പുകളും ഇന്‍ട്ര സ്ക്വാഡ് മത്സരങ്ങളുമായി ടീം പരിശീലനം നടത്തി വരികയാണെന്നും ഇനി വേണ്ടത് മാനസികമായുള്ള തയ്യാറെടുപ്പുകളാണെന്നും പുജാര വ്യക്തമാക്കി. രണ്ട് വര്‍ഷം ടീം നടത്തിയ മികച്ച പ്രകടനങ്ങളുടെ ഫലമാണ് ഈ ഫൈനൽ മത്സരം. അതിനാൽ തന്നെ ഈ വലിയ മത്സരത്തിന് ടീം മാനസികമായി തയ്യാറെടുത്താൽ തന്നെ എത്ര വലിയ വെല്ലുവിളിയാണെങ്കിലും അത് അനായാസം തരണം ചെയ്യാനാകുമെന്ന് പുജാര സൂചിപ്പിച്ചു.

ഒറ്റ ടെസ്റ്റ് മത്സരമായതിനാൽ തന്നെ എല്ലാം സെഷനും വളരെ വിലപ്പെട്ടതാണെന്നും ഓരോ ദിവസവും പ്രാധാന്യം നിറഞ്ഞതായി മാറുന്നുവെന്നും ചേതേശ്വര്‍ പുജാര വ്യക്തമാക്കി.