ഫാന്റസി ഗെയിമിംഗ് ലോകം ഇന്ത്യൻ കായിക രംഗത്ത് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന മേഖലയായി മാറുകയാണ്. ഈ വർഷം ഫാന്റസി ഗെയിംഗ് കമ്പനികളുടെ വരുമാനം 24% ഉയർന്ന് 28 ബില്യൺ രൂപയായി (342 മില്യൺ ഡോളർ) മാറിയതായി സി എൻ ബി സി റിപ്പോർട്ടിൽ പറയുന്നു. 61 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ആണ് ഇപ്പോൾ ഫാന്റസി പ്ലാറ്റ്ഫോമുകളുടെ ഭാഗമായി പരസ്പരം മത്സരിക്കുന്നത്. റെഡ്സീർ കൺസൾട്ടൻസി ആണ് ഫാന്റസി പ്ലാറ്റ്ഫോമുകളുടെ വളർച്ചയെ പറ്റി നടത്തിയ പഠനം പുറത്ത് വിട്ടത്.
ക്രിക്കറ്റിൽ ആണ് ഇന്ത്യയിൽ കൂടുതൽ ഫാന്റസി ഗെയിംഗ് ആപ്പുകൾ ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത്. എങ്കിലും ഫുട്ബോൾ അടക്കമുള്ള മറ്റു കായിക ഇനങ്ങൾക്കും ഫാന്റസി ലോകത്ത് ഡിമാൻഡ് ഉണ്ട്. ഈ വർഷത്തെ ഐ പി എൽ മറ്റെല്ലാ വർഷത്തെക്കാളും ഉപഭോക്താക്കളെ ഫാന്റസി ആപ്പുകളിലേക്ക് എത്തിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. ബെറ്റിംഗിന് വിലക്കുള്ള ഇന്ത്യയിൽ ചില പ്രത്യേക ഒഴിവുകൾ കണ്ടെത്തി മത്സരയിനമായി കണക്കാക്കിയാണ് ഫാന്റസി ആപ്പുകൾ പ്രവർത്തിക്കുന്നത്.
ഒരു തരത്തിൽ ചൂതാട്ടം തന്നെയാണ് ഫാന്റസി ഗെയിമുകളും എങ്കിലും അത് ഇന്ത്യയിൽ അങ്ങനെയല്ല ശ്രദ്ധ നേടുന്നത്. കൂടുതൽ ഉപയോക്താക്കൾക്കും സാമ്പത്തിക നഷ്ടമാണ് വരുന്നത് എങ്കിലും ലോട്ടറികൾ പോലെ ഒരു ദിവസം വലിയ സമ്മാനത്തുകയിലേക്ക് എത്താമെന്ന പ്രതീക്ഷയിൽ കായിക പ്രേമികൾ ഫാന്റസി ആപ്പുകളിൽ സജീവമായി തുടരുന്നു. ഇത് പ്ലാറ്റ്ഫോമുകളുടെ വളർച്ചയ്ക്കും കാരണമാകുന്നു.
ഫാന്റസി സ്‌പോർട്‌സ് പ്ലാറ്റ്‌ഫോമുകളുടെ വരുമാനത്തിന്റെ 35% മുതൽ 50% വരെ ഐപിഎൽ മത്സരങ്ങൾ വഴിയാണ് ലഭിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഫാന്റസി ഗെയിമിംഗ് കമ്പനിയായ ഡ്രീം11 ഇപ്പോൾ ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിന്റെ ലീഡ് സ്‌പോൺസറും ആയിട്ടുണ്ട്.