വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി പാകിസ്ഥാന് തിരിച്ചടി. ഇടത് കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ഫഖർ സമാൻ പരമ്പരയിൽ നിന്ന് പുറത്തായി. ലോഡർഹില്ലിൽ നടന്ന രണ്ടാം ടി20 മത്സരത്തിനിടെ ഫീൽഡിംഗിനിടെയാണ് 35-കാരനായ ഫഖർ സമാന് പരിക്കേറ്റത്. ഓഗസ്റ്റ് 4-ന് നാട്ടിലേക്ക് മടങ്ങുന്ന ഫഖർ സമാൻ, ലാഹോറിലെ പിസിബി നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിസിയോതെറാപ്പിക്ക് വിധേയനാകും.
ആദ്യ രണ്ട് ടി20 മത്സരങ്ങളിലും യഥാക്രമം 28-ഉം 20-ഉം റൺസ് നേടിയ ഫഖർ സമാൻ, മികച്ച തുടക്കങ്ങൾ മുതലാക്കി വലിയ സ്കോറുകൾ നേടുന്നതിൽ പരാജയപ്പെട്ടു. മൂന്നാം ടി20യിൽ ഫഖർ സമാന് പകരം ഖുഷ്ദിൽ ഷായാണ് ടീമിൽ ഇടം നേടിയത്. ഫഖർ സമാന് പകരമായി പുതിയ താരത്തെ ഏകദിന ടീമിൽ ഉൾപ്പെടുത്തുമോ എന്ന് പിസിബി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഈ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ സമാനമായ പരിക്ക് കാരണം ഫഖർ സമാന് ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാൻ സാധിച്ചത്.
ട്രിനിഡാഡിൽ വെച്ച് നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ പരിചയസമ്പന്നനായ ഒരു ഓപ്പണറുടെ അഭാവം പാകിസ്ഥാന്റെ ബാറ്റിംഗ് ഓർഡറിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ടീം മാനേജ്മെന്റ്.