തന്റെ മികച്ച പ്രകടനത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദാണെന്ന് തുറന്ന് പറഞ്ഞ് പാക് ഓപ്പണര്‍ ഫക്കര്‍ സമന്‍. ഒരിടയക്ക് തന്റെ മികവ് പുറത്തെടുക്കുവാന്‍ താന്‍ ബുദ്ധിമുട്ടിയെങ്കിലും സര്‍ഫ്രാസ് അഹമ്മദ് ഷൊയ്ബ് മാലിക് തുടങ്ങിയ സീനിയര്‍ താരങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം താന്‍ തന്റെ ഗെയിം പ്ലാന്‍ മാറ്റുകയായിരുന്നുവെന്ന് ഫക്കര്‍ സമന്‍ പറഞ്ഞു.
ആദ്യമൊക്കെ ടി20യില്‍ ഏത് പന്തും അടിച്ച് പറത്തുവാനാണ് താന്‍ ശ്രമിച്ചത്. എന്നാല്‍ പിന്നീട് ഇവരോടൊക്കെ സംസാരിച്ച ശേഷമാണ് കൃത്യമായ ക്രിക്കറ്റിംഗ് ഷോട്ടുകള്‍ കളിച്ചും റണ്‍ കണ്ടെത്താമെന്ന ബോധ്യം തന്നില്‍ വരുന്നതെന്നും ഫക്കര്‍ പറഞ്ഞു.
തന്റെ മാത്രമല്ല ടീമിന്റെ പ്രകടനവും സര്‍ഫ്രാസ് അഹമ്മദ് ചുമതലയെടുത്ത ശേഷം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് താരം പറഞ്ഞത്. ഫീല്‍ഡിലെ പിഴവുകള്‍ക്ക് ക്യാപ്റ്റന്‍ അപ്പോള്‍ തന്നെ അതൃപ്തി രേഖപ്പെടുത്താറുണ്ടെങ്കിലും ഫീല്‍ഡിനു പുറത്ത് സര്‍ഫ്രാസ് തീര്‍ത്തും സൗമ്യനാണെന്നും സമന്‍ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
