ശ്രീലങ്കയ്ക്കെതിരെ മൂന്നാം ടി20യില്‍ വിജയം കരസ്ഥമാക്കി വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും 7 വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ അവസാനിക്കവേ മാത്രമാണ് വിന്‍ഡീസ് ലക്ഷ്യം മറികടന്നത്.
രണ്ടോവറില്‍ ലക്ഷ്യം 20 റണ്‍സെന്ന നിലയില്‍ നില്‍ക്കവെ അകിലെ ധനന്‍ജയ എറിഞ്ഞ 19ാം ഓവറില്‍ മൂന്ന് സിക്സ് അടിച്ച ഫാബിയന്‍ അല്ലെന്‍ ആണ് വെസ്റ്റിന്‍ഡീസ് വിജയ ശില്പി. മത്സരം അവസാന പന്ത് വരെ നീളുമെന്ന പ്രതീക്ഷിച്ച നിമിഷത്തിലാണ് ഫാബിയന്റെ മിന്നും പ്രകടനം ആതിഥേയര്‍ക്ക് തുണയായത്. 6 പന്തില്‍ നിന്ന് 21 റണ്‍സാണ് ഫാബിയന്‍ അല്ലെന്‍ നേടിയത്. 14 റണ്‍സുമായി ജേസണ്‍ ഹോള്‍ഡര്‍ ആയിരുന്നു മറുവശത്തുണ്ടായിരുന്നത്.
വിന്‍ഡീസിന്റെ ടോപ് ഓര്‍ഡറിന് കാര്യമായ സംഭവാന നല്‍കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ടീമിന് തുടരെ വിക്കറ്റുകള്‍ നഷ്ടമായി 17 ഓവറില്‍ 105/7 എന്ന നിലയില്‍ ആകുകയായിരുന്നു. ലെന്‍ഡല്‍ സിമ്മണ്‍സ്(26), എവിന്‍ ലൂയിസ്(21), നിക്കോളസ് പൂരന്‍(23) എന്നിവര്‍ക്ക് വലിയ സ്കോറിലേക്ക് തങ്ങളുടെ ഇന്നിംഗ്സ് നീക്കുവാന്‍ കഴിയാതെ പോയത് ടീമിന് തിരിച്ചടിയായെങ്കിലും വിജയം ഉറപ്പാക്കുവാന്‍ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന് സാധിച്ചു.
ശ്രീലങ്കയ്ക്കായി ലക്ഷന്‍ സണ്ടകന്‍ മൂന്നും ദുഷമന്ത ചമീര, വനിന്‍ഡു ഹസരംഗ എന്നിവര്‍ 2 വീതം വിക്കറ്റ് നേടി. 4 ഓവറില്‍ 53 റണ്‍സ് വഴങ്ങിയ അകില ധനന്‍ജയ ഒഴികെ മറ്റു ബൗളര്‍മാരെല്ലാം തന്നെ മികച്ച രീതിയിലാണ് ലങ്കയ്ക്കായി പന്തെറിഞ്ഞത്. വനിന്‍ഡു ഹസരംഗ 13 റണ്‍സാണ് തന്റെ നാലോവറില്‍ വിട്ട് നല്‍കിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്ക 46/4 എന്ന നിലയിലേക്ക് വീണുവെങ്കിലും പിന്നീട് അഞ്ചാം വിക്കറ്റില്‍ ദിനേശ് ചന്ദിമല്‍, അഷേന്‍ ബണ്ടാര കൂട്ടുകെട്ട് ആണ് ടീമിനെ 131 റണ്‍സിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് 85 റണ്‍സാണ് നേടിയത്. ചന്ദിമല്‍ 56 റണ്‍സും ബണ്ടാര 44 റണ്‍സും നേടി പുറത്താകാതെ ക്രീസില്‍ നില്‍ക്കുകയായിരുന്നു.