2023-31 കാലഘട്ടത്തിൽ ഓരോ വർഷവും ഓരോ ലോകകപ്പ് വീതം നടത്താനുള്ള ഐ.സി.സിയുടെ പദ്ധതിക്കെതിരെ ഇന്ത്യക്കൊപ്പം എതിർപ്പ് അറിയിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. നേരത്തെ ഓസ്ട്രേലിയയും ഇതിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നു.
ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ കോളിൻ ഗ്രേവ്സ് ഇത് സംബന്ധിച്ച് ഐ.സി.സിക്ക് കത്തെഴുതിയിട്ടുണ്ട്. ദുബായിൽ നടന്ന ഐ.സി.സി മീറ്റിങ്ങിലാണ് 2023 മുതൽ 2031 വരെ ഓരോ വർഷവും ഒരു ലോകകപ്പ് വീതം നടത്താൻ ഐ.സി.സി നിർദേശം മുൻപോട്ട് വെച്ചത്. ഇത് പ്രകാരം ഈ കാലയളവിൽ 2 50 ഓവർ ഏകദിന മത്സരങ്ങളും 4 ടി20 ലോകകപ്പ് മത്സരവും എല്ലാ ടീമുകളെ ഉൾപ്പെടുത്തിയിട്ടുള്ള രണ്ട് ടൂർണമെന്റുകളും നടത്താനായിരുന്നു ഐ.സി.സി പദ്ധതി.
മൂന്ന് കാര്യങ്ങളാണ് ഇംഗ്ലീഷ് ക്രിക്കറ്റ് പ്രധാനമായും ഇതിനെ എതിർക്കുന്നതിന് വേണ്ടി ഐ.സി.സിയെ അറിയിച്ചത്. ഈ വർഷങ്ങളിൽ നടക്കുന്ന പരമ്പരകളെ ഇത് ബാധിക്കുമെന്നും താരങ്ങൾക്ക് കൂടുതൽ മത്സരങ്ങൾ വരുമെന്നും ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനെയും ഇത് ബാധിക്കുമെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്.