വോക്‌സിൽ മുൻപിൽ തകർന്ന് പാകിസ്ഥാൻ, പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിന് ഗംഭീരമായി തന്നെ ഒരുങ്ങി ഇംഗ്ലണ്ട്. പാകിസ്ഥാനെതിരെയുള്ള അഞ്ചാം ഏകദിനത്തിൽ പാകിസ്ഥാനെ 54 റൺസിന്‌ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ലോകകപ്പിനുള്ള ഒരുക്കം പൂർത്തിയാക്കിയത്. ഇന്നത്തെ മത്സരം ജയിച്ചതോടെ പാക്കിസ്ഥാനെതിരായ പരമ്പര 4-0 തുത്തുവാരാനും ഇംഗ്ലണ്ടിനായി. പാകിസ്ഥാനാവട്ടെ ഏകദിനത്തിൽ തങ്ങളുടെ തുടർച്ചയായ പത്താമത്തെ തോൽവിയാണു ഏറ്റുവാങ്ങിയത്.

352 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ തുടക്കത്തിൽ തന്നെ തകരുന്നതാണ് ലീഡ്‌സിൽ കണ്ടത്. 6 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ട്ടപെട്ട പാകിസ്ഥാൻ തുടർന്ന് ബാബർ അസമിന്റെയും ക്യാപ്റ്റൻ സർഫറാസ് അഹമ്മദിന്റെയും ചെറുത്ത് നിൽപ്പാണ് നാണം കെട്ട തോൽ‌വിയിൽ നിന്ന് പാകിസ്താനെ രക്ഷിച്ചത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ നേടിയ 146 റൺസാണ് പാകിസ്താന്റെ തോൽവിയുടെ ഭാരം കുറച്ചത്. ബാബർ അസം 83 പന്തിൽ 80 റൺസ് എടുത്തപ്പോൾ സർഫറാസ് അഹമ്മദ് 80 പന്തിൽ 97 റൺസ് എടുത്തു. തുടർന്ന് പാകിസ്ഥാൻ നിരയിൽ ആർക്കും കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് 47ആം ഓവറിൽ 297 റൺസിന് പാക്കിസ്ഥാൻ ഓൾ ഔട്ട് ആവുകയായിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ വോക്‌സിന്റെ പ്രകടനമാണ് പാകിസ്താന്റെ നട്ടെല്ലൊടിച്ചത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 351 റൺസാണ് എടുത്തത്. ജോ റൂട്ടിന്റെ 84 റൺസും മോർഗന്റെ 76 റൺസുമാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തിയ കുറന്റെ പ്രകടനവും ഇംഗ്ലണ്ടിന്റെ സ്കോർ ഉയർത്തി. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി.