ശ്രീലങ്കക്കെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചു

Staff Reporter

ശ്രീലങ്കക്കെതിരായ ഇംഗ്ലണ്ടിന്റെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്നാണ് പരമ്പര ഉപേക്ഷിക്കാൻ തീരുമാനിച്ചത്. താരങ്ങൾ എല്ലാം ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. താരങ്ങളുടെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും  മാനസികവും ശാരീരികവുമായ ആരോഗ്യം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

മാർച്ച് 19നാണ് രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പര നടത്താൻ തീരുമാനിച്ചിരുന്നത്. ഭാവിയിൽ ഈ പരമ്പര തുടരുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കൻ പ്രെസിഡെന്റ്സ് ഇലവനുമായുള്ള മത്സരം രണ്ടാം ദിവസം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കം നിരവധി മത്സരങ്ങൾ കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ചിരുന്നു.