പാകിസ്ഥാൻ പര്യടനത്തിന്റെ കാര്യത്തിൽ ഇംഗ്ലണ്ടിന്റെ തീരുമാനം 2 ദിവസത്തിനകം

ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പാകിസ്ഥാൻ പര്യടനം റദ്ദാക്കിയതിന് പിന്നാലെ ഇംഗ്ലണ്ട് ടീമും പര്യടനത്തിൽ നിന്ന് പിന്മാറാൻ സാധ്യത. ഒക്ടോബറിൽ 2 ടി20 മത്സരങ്ങൾ കളിക്കാൻ ഇംഗ്ലണ്ട് ടീം പാകിസ്ഥാനിൽ എത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ന്യൂസിലാൻഡ് ടീം പര്യടനത്തിൽ നിന്ന് പിൻമാറിയതിനെ പിന്നാലെ 2 ദിവസത്തിനകം ഇംഗ്ലണ്ടിന്റെ പാകിസ്ഥാൻ പര്യടനത്തിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

2005ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് പാകിസ്ഥാനിൽ പരമ്പരക്ക് ഒരുങ്ങുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ന്യൂസിലാൻഡ് പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് അവസാന നിമിഷം പിന്മാറിയത്. ഈ വർഷം അവസാനം വെസ്റ്റിൻഡീസും അടുത്ത വർഷം ഓസ്ട്രേലിയയും പാകിസ്ഥാനിൽ പര്യടനം നടത്താനിരിക്കെയാണ് ന്യൂസിലാൻഡ് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പരമ്പരയിൽ നിന്ന് പിന്മാറിയത്.