പരമ്പര ഉപേക്ഷിക്കാനുള്ള ന്യൂസിലാൻഡിന്റെ തീരുമാനം ഏകപക്ഷീയമായിരുന്നെന്ന് പാകിസ്ഥാൻ

സുരക്ഷാ ഭീഷണിയുടെ പേരിൽ പാകിസ്ഥാൻ പരമ്പര ഉപേക്ഷിക്കാനുള്ള ന്യൂസിലാൻഡിന്റെ തീരുമാനം ഏകപക്ഷീയമായി പോയെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ട്വിറ്റർ വഴിയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ഔദ്യോഗിക പ്രതികരണം അറിയിച്ചത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഗവണ്മെന്റും സുരക്ഷയുടെ മുഴുവൻ കാര്യങ്ങളും ന്യൂസിലാഡിനെ അറിയിച്ചിരുന്നെന്നും പി.സി.ബിയുടെ പ്രതികരണത്തിൽ പറയുന്നുണ്ട്.

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ന്യൂസിലാൻഡ് പ്രധാനമന്ത്രിയെ നേരിട്ട് വിളിച്ച് വിവരങ്ങൾ അറിയിച്ചെന്നും ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന് യാതൊരു വിധ സുരക്ഷാ ഭീഷണിയും ഉണ്ടായിരുന്നില്ലെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിൽ പാകിസ്ഥാൻ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിൽ ഒന്നാണെന്നും ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന് യാതൊരു സുരക്ഷാ ഭീഷണിയും ഉണ്ടായിരുന്നില്ലെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.