ഇന്ത്യയ്ക്കെതിരെയുള്ള പ്രകടനങ്ങള്‍ക്ക് സാം കറന് പാരിതോഷികം, ടെസ്റ്റില്‍ കേന്ദ്ര കരാര്‍

ഇംഗ്ലണ്ടിനു വേണ്ടി ഇന്ത്യയ്ക്കെതിരെ അതിശയിപ്പിക്കുന്ന പ്രകടനം നടത്തി കുറഞ്ഞത് രണ്ട് ടെസ്റ്റിലെങ്കിലും ടീമിനെ രക്ഷിച്ച യുവ താരം സാം കറന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വക പാരിതോഷികം. താരത്തിനു ടെസ്റ്റില‍ ഇംഗ്ലണ്ടിന്റെ കേന്ദ്ര കരാര്‍ നല്‍കിയാണ് താരത്തിന്റെ പ്രകടനത്തിനെ വില കല്പിച്ചിരിക്കുന്നത്. ഇന്ന് ടെസ്റ്റിലും ഏകദിനങ്ങളിലും കേന്ദ്ര കരാര്‍ നല്‍കിയ താരങ്ങളുടെ പട്ടിക പുറത്ത് വിട്ടപ്പോളാണ് സാം കറന്റെ പേരും അതില്‍ ഉള്‍പ്പെട്ടത്.

ജോസ് ബട്‍ലര്‍, ആദില്‍ റഷീദ് എന്നിവര്‍ക്കും ടെസ്റ്റ്-പരിമിത ഓവര്‍ ക്രിക്കറ്റ് കരാര്‍ ഇംഗ്ലണ്ട് നല്‍കി. സാം കറന്റെ സഹോദരന്‍ ടോം കറനും ഇംഗ്ലണ്ട് ഇന്‍ക്രിമെന്റല്‍ കരാര്‍ നല്‍കിയിട്ടുണ്ട്. ഈ കരാറിന്റെ അര്‍ത്ഥം താരം ടെസ്റ്റിലെ സ്ഥിര അംഗമല്ലെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരമായി ഇംഗ്ലണ്ടിനു കളിക്കുവാന്‍ സാധ്യതയുള്ള താരമെന്നാണ്.

പത്ത് താരങ്ങള്‍ക്ക് ടെസ്റ്റ് കരാറും, 13 താരങ്ങള്‍ക്ക് വൈറ്റ് ബോള്‍ കരാറുമാണ് ഇംഗ്ലണ്ട് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്.