പരമ്പരയില്‍ ആദ്യമായി വിന്‍ഡീസിനെതിരെ മേല്‍ക്കൈ നേടി ഇംഗ്ലണ്ട്. സെയിന്റ് ലൂസിയ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 19/0 എന്ന നിലയിലാണ്. മത്സരത്തില്‍ 142 റണ്‍സ് ലീഡാണ് സ്വന്തമാക്കിയിട്ടുള്ളത്. റോറി ബേണ്‍സ്(10*), കീറ്റണ്‍ ജെന്നിംഗ്സ്(8*) എന്നിവരാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.
മത്സരത്തില്‍ 277 റണ്‍സിനു ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് അവസാനിച്ചുവെങ്കിലും ടീം വിന്‍ഡീസിനെ 154 റണ്‍സിനു പുറത്താക്കി തിരിച്ചടിയ്ക്കകയായിരുന്നു. മാര്‍ക്ക് വുഡ് അഞ്ചും മോയിന്‍ അലി നാലും വിക്കറ്റ് നേടിയാണ് വിന്‍ഡീസിന്റെ നടുവൊടിച്ചത്. ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടുകെട്ട് നേടി ഇംഗ്ലണ്ടിന്റെ സ്കോര്‍ അനായാസം വിന്‍ഡീസ് മറികടക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഓവറുകളുടെ വ്യത്യാസത്തില്‍ ടീം തകരുകയായിരുന്നു.
2 റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റുകളാണ് ടോപ് ഓര്‍ഡറില്‍ വിന്‍ഡീസിനു നഷ്ടമായത്. ഓപ്പണര്‍മാരെ മോയിന്‍ അലി പുറത്താക്കിയപ്പോള്‍ അടുത്ത രണ്ട് വിക്കറ്റ് വീഴ്ത്തിയത് മാര്‍ക്ക് വുഡ് ആയിരുന്നു. 41 റണ്‍സ് നേടിയ ജോണ്‍ കാംപെല്‍ ആണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ഷെയിന്‍ ഡോവ്റിച്ച് 38 റണ്‍സ് നേടി പുറത്തായി. സ്റ്റുവര്‍ട് ബ്രോഡിനായിരുന്നു വിക്കറ്റ്.
നേരത്തെ ജോസ് ബട്‍ലര്‍-ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ നേടിയ 125 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചത്. എന്നാല്‍ ബട്‍ലര്‍(67), സ്റ്റോക്സ്(79) എന്നിവര്‍ പുറത്തായ ശേഷം ഇംഗ്ലണ്ട് ഇന്നിംഗ്സ് 277 റണ്‍സില്‍ അവസാനിച്ചു. 232/4 എന്ന നിലയില്‍ മുന്നേറുകയായിരുന്നു ഇംഗ്ലണ്ടിന്റെ അവസാന ആറ് വിക്കറ്റുകള്‍ 45 റണ്‍സ് നേടുന്നതിനിടെയാണ് നഷ്ടമായത്.
വിന്‍ഡീസിനായി കെമര്‍ റോച്ച് നാലും ഷാനണ്‍ ഗബ്രിയേല്‍, അല്‍സാരി ജോസഫ്, കീമോ പോള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.