തിരിച്ചുവരവില്‍ സംതൃപ്തന്‍: ജോ റൂട്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിന്‍ഡീസിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകളിലും പരാജയപ്പെട്ടുവെങ്കിലും മൂന്നാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഇംഗ്ലണ്ടിന്റെ പ്രകടനത്തില്‍ സംതൃപ്തനെന്ന് ജോ റൂട്ട്. പരമ്പര നഷ്ടപ്പെട്ടുവെങ്കിലും ടീമിന്റെ ആത്മവിശ്വാസം തിരിച്ചുപിടിക്കാനാകുന്ന വിജയമായിരുന്നു സെയിന്റ് ലൂസിയയില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ട് നിഷ്പ്രഭമായപ്പോള്‍ മൂന്നാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്.

232 റണ്‍സ് വിജയമാണ് വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സില്‍ ജോ റൂട്ട് ശതകം നേടിയപ്പോള്‍ മാര്‍ക്ക് വുഡാണ് ആദ്യ ഇന്നിംഗ്സിലെ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ വിജയത്തിനുള്ള പാത വെട്ടിയൊരുക്കിയത്. പരമ്പര വിജയത്തോടെ അവസാനിപ്പിക്കാനായത് ഏറെ സന്തോഷം നല്‍കുന്നുവെന്നാണ് ജോ റൂട്ട് പറഞ്ഞത്. മോശം ക്രിക്കറ്റാണ് ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ട് കളിച്ചത്. മൂന്നാം ടെസ്റ്റില്‍ പതിവു ശൈലിയിലേക്ക് ഇംഗ്ലണ്ട് തിരിച്ചെത്തി എന്നത് സംതൃപ്തി നല്‍കുന്നുവെന്ന് ജോ റൂട്ട് പറഞ്ഞു.

മെച്ചപ്പെടുവാനുള്ള അവസരമുണ്ടെന്നും തോല്‍വിയില്‍ നിന്ന് മെച്ചപ്പെട്ട പ്രകടനവുമായി ടീം തിരികെ എത്തി എന്നതുമാണ് പരമ്പരയില്‍ കാണുന്ന പോസിറ്റീവ് കാര്യങ്ങളെന്ന് ജോ റൂട്ട് പറഞ്ഞു. 2-1നു പരമ്പര നഷ്ടമായത് ദുഖകരമാണ് എന്നിരുന്നാലും ചില വ്യക്തിഗത പ്രകടനങ്ങള്‍ ടീമിന്റെ മികവായി വിലയിരുത്താവുന്നതാണ് എന്നും ജോ റൂട്ട് പറഞ്ഞു.