ഞങ്ങള്‍ കിരീട സാധ്യതയുള്ള ടീമുകളില്‍ മുന്നില്‍, അത് അവഗണിക്കാനാകാത്ത സത്യം

2019 ഐസിസി ഏകദിന ലോകകപ്പ് നേടുവാന്‍ ഏറ്റവും അധികം സാധ്യതയുള്ള ടീം തങ്ങളാണെന്നത് അവഗണിക്കാനാകാത്ത സത്യമാണെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. 2015 ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായ ഇംഗ്ലണ്ട് പിന്നീട് ഓയിന്‍ മോര്‍ഗന്റെ കീഴില്‍ അടിമുടി മാറി ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. ഈ ഫേവറൈറ്റുകളെന്ന ലേബല്‍ തങ്ങള്‍ക്ക് ഒരു ബാധ്യതയുമല്ലെന്നും മോര്‍ഗന്‍ കൂട്ടിചേര്‍ത്തു.

മുമ്പ് നേടിയ വിജയങ്ങളല്ല, ടൂര്‍ണ്ണമെന്റില്‍ നേടുന്ന വിജയങ്ങളാണ് ഏറെ പ്രാധാന്യം. ഇതുവരെയുള്ളത് കഴിഞ്ഞു ഇനിയും ഇത് പോലെ മികവ് തുടര്‍ന്നാല്‍ ലോകകപ്പും നേടുവാന്‍ ടീമിനാവുമെന്നും മോര്‍ഗന്‍ കൂട്ടിചേര്‍ത്തു. മൂന്നര വര്‍ഷത്തിനിടെ ഇംഗ്ലണ്ടിനെ ശക്തമായ വെല്ലുവിളിയുയര്‍ത്തിയത് വിന്‍ഡീസില്‍ ഇക്കഴിഞ്ഞ പരമ്പരയാണെന്നും അത് ടീമിനെ കൂടുതല്‍ ശക്തരാക്കുന്നുവെന്നും മോര്‍ഗന്‍ വ്യക്തമാക്കി.