പാക്കിസ്ഥാനെ 3-0നു ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുത്തി ആധികാരിക വിജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കുമ്പോള്‍ എടുത്ത് പറയേണ്ട പ്രകടം പേസ് ബൗളര്‍ ഡുവാനെ ഒളിവിയറിന്റേതാണ്. തന്റെ പ്രകടനത്തിനു പരമ്പരയിലെ താരം പുരസ്കാരം നേടിയ താരം പരമ്പരയില്‍ നിന്ന് 24 വിക്കറ്റാണ് നേടിയത്. 22.0 എന്ന സ്ട്രൈക്ക് റേറ്റും 14.70 എന്ന ആവറേജുമായാണ് താരത്തിന്റെ ബൗളിംഗ് പ്രകടനം.
പരമ്പര ആരംഭിക്കുമ്പോള്‍ ലുംഗിസാനി ഗിഡിയുടെ സേവനം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. പകരക്കാരനായി എത്തിയ താരമാണ് ഡുവാനെ ഒളിവിയര്‍. ഏകദേശം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു താരം തിരികെ ടീമിലേക്ക് എത്തിയത്. ആദ്യ ടെസ്റ്റില്‍ വെറോണ്‍ ഫിലാന്‍ഡറിനു പരിക്കിനെത്തുടര്‍ന്ന് കളിക്കാനാകാതെ വന്നപ്പോള്‍ ടീമിലെ സ്ഥാനം ഉറപ്പാക്കിയ ഒളിവിയര്‍ മത്സരത്തില്‍ നിന്ന് ഇരു ഇന്നിംഗ്സുകളിലായി 11 വിക്കറ്റുകളാണ് നേടിയത്. സെഞ്ചൂറിയണില്‍ ആദ്യ ഇന്നിംഗ്സില്‍ ആറും രണ്ടാം ഇന്നിംഗ്സില്‍ 5 വിക്കറ്റമായിരുന്നു ഡുവാനെ ഒളിവിയറിന്റെ നേട്ടം.
കേപ് ടൗണിലെ രണ്ടാം ടെസ്റ്റില്‍ 5 വിക്കറ്റാണ് താരത്തിനു നേടാനായത്. ആദ്യ ഇന്നിംഗ്സില്‍ 4 വിക്കറ്റ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ഡെയില്‍ സ്റ്റെയിനും കാഗിസോ റബാഡയും നാല് വിക്കറ്റ് വീതം നേടി പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്സില്‍ മൂന്നും വിക്കറ്റും നേടി എട്ട് വിക്കറ്റാണ് മത്സരത്തില്‍ നിന്ന് ഒളിവിയര്‍ നേടിയത്.