വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനും സപ്പോർട്ട് സ്റ്റാഫിനും വിശ്രമം ലഭിക്കും. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്ന ഓൾ ഫോർമാറ്റ് പര്യടനത്തിനായി ഇന്ത്യൻ ടീം നിലവിൽ കരീബിയൻ ദ്വീപിലാണ്. ആഗസ്റ്റ് 13ന് പര്യടനം സമാപിക്കും.
ദ്രാവിഡിനൊപ്പം ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ എന്നിവരും ഫ്ലോറിഡയിൽ നിന്ന് നാട്ടിലേക്ക് മടങ്ങും. ഇന്ത്യയുടെ മൂന്ന് മത്സര ടി20 ഐ പരമ്പരയ്ക്കായി അയർലണ്ടിലേക്ക് ഇവർ പോകില്ല.
ഇവരുടെ അഭാവത്തിൽ, ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 23 വരെ നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനത്തിന്റെ ചുമതല നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ (എൻസിഎ) പരിശീലകർ ഏറ്റെടുക്കും. വിവിഎസ് ലക്ഷ്മൺ ആയിരിക്കും മുഖ്യ പരിശീലകനായി എത്തുക. കഴിഞ്ഞ വർഷം അയർലൻഡ്, വെസ്റ്റ് ഇൻഡീസ് പര്യടനങ്ങളിൽ ലക്ഷ്മൺ പരിശീലകനായി ടീമിനൊപ്പം പ്രവർത്തിച്ചിരുന്നു.