ഇന്ത്യയുടെ ബെഞ്ച് സ്ട്രെംഗ്ത്ത് എക്കാലത്തെക്കാളും ശക്തമായ നിലയിലാണുള്ളത്. പല മുന്‍ നിര താരങ്ങളും ഇല്ലാതെ ഇന്ത്യ ഓസ്ട്രേലിയയിൽ പരമ്പര സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ഇന്ത്യ ലങ്കയിലേക്ക് രണ്ടാം നിര ടീമിനെയാണ് അയയ്ക്കുന്നതെങ്കിലും അതിശക്തമായ ടീമാണ് ശിഖര്‍ ധവാന്റെ കീഴിൽ ശ്രീലങ്കയിലേക്ക് യാത്രയാകുന്നത്. ഇത് ഇന്ത്യയുടെ ഭാവി താരങ്ങളിലുള്ള വൈവിധ്യത്തെയാണ് കാണിക്കുന്നത്.
ഇത്രയധികം താരങ്ങള്‍ ഉയര്‍ന്ന് വന്നതിന് ഐപിഎൽ ഒരു പ്രധാന ഘടകമാണ്. ഐപിഎലിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത താരങ്ങളെയാണ് ലങ്കയിലേക്ക് പരിഗണിച്ചിരിക്കുന്നത്. എന്നാൽ രാഹുൽ ദ്രാവിഡ് ആണ് ഇന്ത്യയുടെ ഭാവിയെ വാര്‍ത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതെന്നാണ് ഡേവിഡ് വാര്‍ണറുടെ അഭിപ്രായം.
ഐപിഎൽ മികച്ച പ്ലാറ്റ്ഫോം ആണ് അതിനൊപ്പം ക്രെഡിറ്റ് കൊടുക്കേണ്ട വ്യക്തിയാണ് രാഹുല്‍ ദ്രാവിഡ് എന്ന് വാര്‍ണര്‍ സൂചിപ്പിച്ചു. ഈ താരങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തിക്കുവാനുള്ള സംവിധാനം സൃഷ്ടിച്ചെടുക്കുന്ന വ്യക്തി ദ്രാവിഡ് ആണെന്നും വാര്‍ണര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ അണ്ടര്‍ 19, എ ടീം കോച്ചായി പ്രവര്‍ത്തിച്ച ദ്രാവിഡ് ഇപ്പോള്‍ നാഷണൽ ക്രിക്കറ്റ് അക്കാഡമി തലവനാണ്. ദ്രാവിഡ് ആണ് കോച്ചായി ഇന്ത്യയെ ശ്രീലങ്കയിലേക്ക് അനുഗമിക്കുക.