ഒരു പരിശീലകൻ എന്ന നിലയിൽ രാഹുൽ ദ്രാവിഡ് വട്ടപൂജ്യം ആണെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി. “ഞാൻ ഒരു വലിയ രാഹുൽ ദ്രാവിഡ് ആരാധകനാണ്, എന്നും ആരാധകനായി, തുടരും. അദ്ദേഹം ഒരു ക്ലാസ് കളിക്കാരനാണ്, ഒരു ഇതിഹാസമാണ്. എന്നാൽ പരിശീലകനെന്ന നിലയിൽ അദ്ദേഹം തികച്ചും പൂജ്യമാണ്. അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് ദൈവത്തിന് അറിയാം” ബാസിത് അലി പറഞ്ഞു.
ഡബ്ല്യുടിസി ഫൈനലിൽ ദ്രാവിഡ് എടുത്ത തീരുമാനങ്ങളെ ബാസിത് വിമർശിച്ചു. ബൗൾ ചെയ്യാൻ തീരുമാനിച്ചപ്പോൾ തന്നെ ഇന്ത്യൻ ടീം മത്സരത്തിൽ പരാജയപ്പെട്ടുവെന്നും അലി പറഞ്ഞു.
“ആദ്യത്തെ രണ്ട് മണിക്കൂറിനെക്കുറിച്ച് ആശങ്കപ്പെട്ട് ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത നിമിഷം തന്നെ ഇന്ത്യ മത്സരം തോറ്റു. ഇന്ത്യയുടെ ബൗളിംഗ് ഐപിഎൽ പോലെയായിരുന്നു.” മുൻ പാകിസ്ഥാൻ ബാറ്റർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“ഇന്ത്യയ്ക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത് ചെറിയ സ്കോറിൽ പുറത്താക്കുകയും നാലാം ഇന്നിംഗ്‌സിൽ ഒരു അത്ഭുതം പ്രതീക്ഷിക്കുകയും ചെയ്യുക എന്നതാണ്. ഇന്ത്യ ഫീൽഡ് ചെയ്‌ത 120 ഓവറിൽ എനിക്ക് 2-3 കളിക്കാർ മാത്രമേ ഫിറ്റായി കാണാൻ കഴിഞ്ഞുള്ളൂ – രഹാനെ, കോഹ്‌ലി, ജഡേജ. ബാക്കിയുള്ളവർ ഒക്കെ ക്ഷീണിതരായി കാണപ്പെട്ടു,” അലി അവകാശപ്പെട്ടു.