Cricket

ലഹരിമരുന്ന് ഉപയോഗം: മുൻ ന്യൂസിലൻഡ് താരം ഡഗ് ബ്രേസ്‌വെല്ലിന് രണ്ട് വർഷം വിലക്ക്

Resizedimage 2026 04 24 22 22 05 1619

മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ ഡഗ് ബ്രേസ്‌വെല്ലിന് ലഹരിമരുന്ന് ഉപയോഗിച്ചതിനെത്തുടർന്ന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി. 2025 സെപ്റ്റംബറിൽ നടന്ന ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിനിടെ നടത്തിയ പരിശോധനയിൽ താരം കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എസെക്‌സിന് (Essex) വേണ്ടി സോമർസെറ്റിനെതിരെ കളിക്കുന്നതിനിടെയാണ് 35-കാരനായ ബ്രേസ്‌വെൽ ലഹരിമരുന്ന് ഉപയോഗിച്ചത്. മത്സരത്തിന്റെ ആദ്യ ദിവസത്തെ കളിക്ക് ശേഷവും രണ്ടാം ദിവസത്തെ കളിക്ക് മുൻപുമാണ് താൻ ലഹരിമരുന്ന് ഉപയോഗിച്ചതെന്ന് താരം സമ്മതിച്ചു.

ലണ്ടനിലെ വാഡ (WADA) അംഗീകൃത ലാബിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പദാർത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ ഇത് കായികക്ഷമത വർദ്ധിപ്പിക്കാനല്ല ഉപയോഗിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


ന്യൂസിലൻഡിനായി 28 ടെസ്റ്റുകൾ ഉൾപ്പെടെ 69 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള ബ്രേസ്‌വെൽ, പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഡിസംബർ 28-ന് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. നിലവിലെ വിലക്ക് 2025 നവംബർ 24 മുതൽ മുൻകാല പ്രാബല്യത്തോടെ നിലവിൽ വരും. 2027 നവംബർ 23 വരെയാണ് വിലക്കിന്റെ കാലാവധി. 2024-ൽ ന്യൂസിലൻഡിലെ സൂപ്പർ സ്മാഷ് ടി20 ടൂർണമെന്റിനിടെ സമാനമായ രീതിയിൽ കൊക്കെയ്ൻ ഉപയോഗിച്ചതിന് താരം ഒരു മാസത്തെ വിലക്ക് നേരിട്ടിരുന്നു.