കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാരുടെ പുതിയ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കൂടുതല്‍ അസോസ്സിയേഷനുകള്‍. പുതിയ നിയമപ്രകാരം 90 ശതമാനം ടിക്കറ്റുകളും പൊതു ജനങ്ങള്‍ക്ക് നല്‍കണമെന്നും ബാക്കി വരുന്ന പത്ത് ശതമാനത്തില്‍ 5 ശതമാനം വീതം ബിസിസിഐയ്ക്കും സ്റ്റേറ്റ് അസോസ്സിയേഷനുകള്‍ക്കും കോംപ്ലിമെന്ററി ടിക്കറ്റുകള്‍ക്കായി ഉപയോിക്കാമെന്നുമാണ് നിയമം. എന്നാല്‍ സംസ്ഥാന അസോസ്സിയേഷനുകള്‍ ഇതില്‍ കടുത്ത എതിര്‍പ്പാണ് പ്രകടമാക്കിയിരിക്കുന്നത്. ഇന്‍ഡോറില്‍ നടത്താനിരുന്ന ഏകദിനം വിശാഖപട്ടണത്തേക്ക് മാറ്റാനിടയാക്കിയ സംഭവും ഇത് മൂലമുണ്ടായി.
ഇപ്പോള്‍ വാങ്കഡേയില്‍ നടക്കുന്ന നാലാം ഏകദിനത്തിലും സമാനമായ സാഹചര്യമാണുണ്ടായിരിക്കുന്നത്. കോംപ്ലിമെന്ററി പാസ്സുകളുമായി ബന്ധപ്പെട്ട തര്‍ക്കമുടലെടുത്തതിനാല്‍ ബിസിസിഐയോട് തങ്ങള്‍ക്ക് സ്റ്റേഡിയം വിട്ടു തരാം ബോര്‍ഡ് മുന്‍കൈ എടുത്ത് മത്സരം നടത്തുവാനാണ് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ടിക്കറ്റിന്റെ പ്രശ്നം മാത്രമല്ല മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്റെ കൈയ്യില്‍ മത്സരം നടത്തുവാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നുമാണ് അറിയുവാന്‍ കഴിയുന്നത്. അതിനാലാണ് ബിസിസിഐയോട് ഈ മത്സരം നടത്തുവാന്‍ എംസിഎ ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ ആവശ്യം ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി നിരസിക്കുകയും വേറൊരു മീറ്റിംഗിനു വരുവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്നാണ് എംസിഎയും ബിസിസിഐയും തമ്മിലുള്ള മീറ്റിംഗ് നടക്കാനിരുന്നത്. അതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുമില്ല. മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ ചുമതലകള്‍ വഹിക്കുവാന്‍ ബോംബൈ ഹൈക്കോര്‍ട്ട് രണ്ട് അംഗങ്ങളെ നിയമിച്ചിരുന്നു. അവരുടെ കാലാവധി അവസാനിച്ചതോടെ ഇപ്പോള്‍ ചുമതല സിഇഒ സിഎസ് നായിക്കിനാണ്.
എന്നാല്‍ എംസിഎയ്ക്ക് വേണ്ടി പണമിടപാടുകള്‍ നടത്തുവാന്‍ അദ്ദേഹത്തിനു അധികാരവുമില്ല. ഇപ്പോള്‍ ഔദ്യോഗികമായി ആര്‍ക്കും പണമിടപാട് നടത്തുവാനുള്ള ശേഷിയില്ലാത്തതിനാല്‍ മുംബൈ വിജയ് ഹസാരെ ടീമിന്റെ ഹോട്ടല്‍ ബില്ലും എംസിഎയ്ക്ക് അടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യം നിലവില്‍ വന്നിട്ടുണ്ട്. ഇതും മത്സരം നടത്തുന്നതില്‍ നിന്ന് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനെ പിന്തിരിപ്പിക്കുന്നുണ്ട്.
കളിക്കാരുടെയും സ്റ്റാഫംഗങ്ങളുടെയും ശമ്പളവും ദിനബത്തയുമെല്ലാം ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. ഇതിനു പുറമേ എംസിഎ അംഗങ്ങളായ 330 ആളുകള്‍ക്ക് നാല് ടിക്കറ്റ് വീതം നല്‍കുവാനും അത് കൂടാതെ മത്സരം നടത്തുവാന്‍ സഹായിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ടിക്കറ്റുകള്‍ നല്‍കുവാനുള്ള സാഹചര്യമില്ലെന്നതും മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനു മാത്രമല്ല എല്ലാ സംസ്ഥാന യൂണിറ്റുകള്‍ക്കും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
ഇപ്പോള്‍ സിഒഎ 600 ടിക്കറ്റുകള്‍ കൂടി വിവിധ അസോസ്സിയേഷനുകള്‍ക്ക് ബിസിസിഐയുടെ പങ്കില്‍ നിന്ന് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.