വിദേശത്ത് ടെസ്റ്റ് ജയിച്ചാൽ ഇരട്ടി പോയിന്റ് നൽകണമെന്ന് വിരാട് കോഹ്‌ലി

Staff Reporter

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിദേശത്ത് മത്സരം ജയിച്ചാൽ ഇരട്ടി പോയിന്റ് നൽകണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. നിലവിൽ വിദേശത്ത് ഒരു പരമ്പര മുഴുവൻ ജയിച്ചാൽ 120 പോയിന്റാണ് ഒരു ടീമിൽ ലഭിക്കുക.  അതിൽ എത്ര മത്സരങ്ങൾ ഉണ്ടെങ്കിലും 120 പോയിന്റ് മാത്രമാണ് ഒരു പരമ്പരയിൽ മൊത്തമായും ലഭിക്കുക.

എന്നാൽ കോഹ്‌ലിയുടെ നിർദേശ പ്രകാരം വിദേശത്ത് കളിക്കുന്ന ടെസ്റ്റിന് ഇരട്ടി പോയിന്റ് നൽകണമെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ അഭിപ്രായപ്പെട്ടത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്‌കൊണ്ട് ടെസ്റ്റ് ക്രിക്കറ്റിന് ഗുണം ഉണ്ടെന്നും ഓരോ മത്സരവും ജയിക്കാൻ ടീമുകൾ ശ്രമിക്കാൻ തുടങ്ങിയെന്നും കോഹ്‌ലി പറഞ്ഞു. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.  160 പോയിന്റാണ് ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉള്ളത്. വെസ്റ്റിൻഡീസിൽ നടന്ന പരമ്പര 2-0ന് ജയിച്ചതിനെ തുടർന്ന് ഇന്ത്യക്ക് 120 പോയിന്റ് ലഭിച്ചിരുന്നു. കൂടാതെ സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ നിന്ന് 40 പോയിന്റും ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്.