മോശം ഫോമിനെത്തുടര്‍ന്ന് നിശിതമായ വിമര്‍ശനം കേള്‍ക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് തന്നെ വിമര്‍ശിച്ച ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിനെ ഗൗനിക്കുന്നില്ലെന്ന് തിരിച്ചടിച്ചു. ആദ്യ ടെസ്റ്റില്‍ 5 വിക്കറ്റ് മാത്രമാണ് സ്റ്റാര്‍ക്ക് രണ്ട് ഇന്നിംഗ്സില്‍ നിന്ന് നേടിയത്. ഇതിനായി 103 റണ്‍സ് വഴങ്ങുകയും ചെയ്തു ടെസ്റ്റ് ഓസ്ട്രേലിയ പരാജയപ്പെടുകയും ചെയ്തിരുന്നു.
ഇതിനെത്തുടര്‍ന്ന് സ്റ്റാര്‍ക്കിനെ ഇലവനില്‍ നിന്ന് പുറത്താക്കണമെന്നും ഫോം നഷ്ടമായ താരം ടീമിനു ബാധ്യതയാണെന്നും ഷെയിന്‍ വോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് രണ്ട് ഇന്നിംഗ്സുകളിലും മികച്ച തുടക്കമാണ് സ്റ്റാര്‍ക്ക് നല്‍കിയത്. 5 വിക്കറ്റാണ് ഈ ടെസ്റ്റിലും നേടിയതെങ്കിലും ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ പ്രഹരം ഏല്പിക്കുവാന്‍ സ്റ്റാര്‍ക്കിനു സാധിച്ചിരുന്നു.
താന്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ തന്നെ ആളുകള്‍ ആക്രമിക്കുന്നുണ്ട് ഇതൊന്നും തന്നെ ഇനി ബാധിക്കില്ലെന്നാണ് സ്റ്റാര്‍ക്ക് പ്രതികരിച്ചത്. തന്റെ ടീമംഗങ്ങളും കോച്ചും ക്യാപ്റ്റനും തന്റെ പ്രകടനത്തില്‍ തൃപ്തരാണോ എന്നത് മാത്രമാണ് താന്‍ കാര്യമാക്കിയെടുക്കുന്നതെന്നാണ് സ്റ്റാര്‍ക്ക് ഷെയിന്‍ വോണിന്റെ അഭിപ്രായത്തെക്കുറിച്ച് പറഞ്ഞത്.
ആദ്യ മത്സരത്തിനു ശേഷം സ്റ്റാര്‍ക്കിനു പിന്തുണയുമായി ടിം പെയിന്‍ രംഗത്തെത്തിയിരുന്നു. പെര്‍ത്തില്‍ ഇന്ത്യുയുടെ നടുവൊടിക്കുക സ്റ്റാര്‍ക്ക് ആവുമെന്നാണ് പെയിന്‍ പറഞ്ഞത്. അത് സാധിച്ചില്ലെങ്കിലും ശ്രദ്ധേയമായ സംഭാവന നല്‍കി സ്റ്റാര്‍ക്കും ഓസ്ട്രേലിയയുടെ വിജയത്തില്‍ പങ്കുവഹിച്ചു.