അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റില്‍ വെള്ളം കുടിയ്ക്കുന്ന ബംഗ്ലാദേശ് ടീമിന്റെ നായകന്‍ പഴി പറയുന്നത് പിച്ചിനെ. തങ്ങള്‍ ആവശ്യപ്പെട്ട പിച്ച് ലഭിയ്ക്കാത്തതില്‍ വളരെ അധികം നിരാശയുണ്ടെന്നാണ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ പറഞ്ഞത്. 342 റണ്‍സ് നേടിയ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 88/5 എന്ന നിലയിലും പിന്നീട് 146/8 എന്ന നിലയിലുമായിരുന്നു. അവിടെ നിന്ന് 48 റണ്‍സ് കൂട്ടുകെട്ടുമായി മൊസ്ദേക്ക് ഹൊസൈന്‍-തൈജുല്‍ ഇസ്ലാം കൂട്ടുകെട്ടാണ് ടീമിന്റെ അന്തരം കുറച്ച് കൊണ്ട് വന്നത്. നിലവില്‍ 148 റണ്‍സ് പിന്നിലുള്ള ബംഗ്ലാദേശ് ഇനിയുള്ള ദിവസങ്ങളില്‍ അതിഗംഭീരമായ പ്രകടനം പുറത്തെടുത്താല്‍ മാത്രമേ വിജയം നേടുവാനാകുകയുള്ളു.
തങ്ങളുടെ പ്ലേയിംഗ് ഇലവന്‍ അനുസരിച്ച് ആവശ്യപ്പെട്ട പിച്ചല്ല തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഷാക്കിബ് പറഞ്ഞു. ആദ്യ ദിവസം അഞ്ച് വിക്കറ്റ് കിട്ടിയതില്‍ തങ്ങള്‍ക്ക് അതിശയമുണ്ടെന്നും ഷാക്കിബ് പറഞ്ഞു. കാരണം ഫ്ലാറ്റ് വിക്കറ്റാണ് ടെസ്റ്റിന് ഒരുക്കിയത്. തങ്ങള്‍ പ്രതീക്ഷിച്ചതിനും വിപരീതമായ വിക്കറ്റാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഷാക്കിബ് വ്യക്തമാക്കി. ബംഗ്ലാദേശ് ടീം മാനേജ്മെന്റ് ടീമില്‍ രണ്ട് പേസര്‍മാരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഷാക്കിബാണ് നാല് സ്പിന്നര്‍മാരെ വെച്ച് മത്സരത്തെ നേരിടാം എന്ന തീരുമാനത്തില്‍ ഉറച്ച് നിന്നത്. ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും വിജയം കണ്ട രീതിയായിരുന്നു ഇത്.
എന്നാല്‍ ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ക്ക് കാര്യമായ പ്രഭാവം ഉണ്ടാക്കുവാന്‍ സാധിക്കാതിരുന്നപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 271/5 എന്ന സ്കോര്‍ ആദ്യ ദിവസം നേടി. പിന്നീട് രണ്ടാം ദിവസം ഓള്‍ഔട്ട് ആകുന്നതിന് മുമ്പ് 71 റണ്‍സ് കൂടി നേടി 342 റണ്‍സെന്ന ഒന്നാം ഇന്നിംഗ്സ് സ്കോറാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. റഷീദ് ഖാന് മുന്നില്‍ പതറിയ ബംഗ്ലാദേശിന്റെ പോരാട്ടത്തിന് മാന്യത നല്‍കിയത് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ്.