പരമ്പര തൂത്തുവാരാനാകാത്തതിൽ സങ്കടമുണ്ട് – തമീം ഇക്ബാൽ

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരുവാന്‍ കഴിയാത്തതിൽ സങ്കടമുണ്ടെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ തമീം ഇക്ബാൽ. ഇന്ന് നടന്ന മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശിനെ 192 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം 40.1 ഓവറിൽ അഫ്ഗാനിസ്ഥാന്‍ മറികടന്ന് ഏഴ് വിക്കറ്റ് വിജയം ആണ് സ്വന്തമാക്കിയത്.

ഇന്നത്തെ പരാജയം ടീമിന് 10 പോയിന്റാണ് നഷ്ടമാക്കിയത്. അതിൽ തനിക്ക് വളരെ നിരാശയുണ്ടെന്നും പരമ്പര ജയിച്ചുവെങ്കിലും ഈ മത്സരവും പത്ത് പോയിന്റും ഏറെ പ്രധാനമാണെന്ന് താന്‍ വ്യക്തമാക്കിയിരുന്നുവെന്നും രണ്ടാം മത്സരം കളിച്ചത് പോലെ ടീമിന് ഈ മത്സരത്തിൽ കളിക്കാനായില്ല എന്നതിൽ ഏറെ സങ്കടം ഉണ്ടെന്നും തമീം ഇക്ബാൽ റിപ്പോര്‍ട്ടര്‍മാരോട് വ്യക്തമാക്കി.

ആദ്യ മത്സരത്തിൽ 215 റൺസിന് ഓള്‍ഔട്ട് ആയ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ 45/6 എന്ന നിലയിലേക്ക് തള്ളിയിട്ടെങ്കിലും അഫിഫ് ഹൊസൈന്‍ – മെഹ്ദി ഹസന്‍ കൂട്ടുകെട്ടാണ് അവിശ്വസനീയ വിജയം ആതിഥേയര്‍ക്ക് സമ്മാനിച്ചത്.